ബാംഗ്ലൂരിനെതിരെ കൊൽക്കത്തക്ക് 21 റൺസ് ജയം

ഇന്ത്യൻ പ്രീമിയർ ലീഗിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ തോൽപ്പിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 21 റൺസ് വിജയം. ഈ സീസണിലെ കൊൽക്കത്തയുടെ മൂന്നാം ജയമാണിത്. ഇതോടെ പോയന്റു പട്ടികയിൽ മുംബൈയെ പിന്തള്ളി കൊൽക്കത്ത ഏഴാം സ്ഥാനത്തെത്തി. എട്ടു പോയന്റുമായി അഞ്ചാം സ്ഥാനത്താണ് ബാംഗ്ലൂർ. കൊൽക്കത്ത ഉയർത്തിയ 201 റൺസെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബാംഗ്ലൂരിന് നിശ്ചിത 20-ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 179 റൺസെടുക്കാനേ സാധിച്ചുള്ളൂ. സ്പിന്നർമാരുടെ മികച്ച പ്രകടനമാണ് കൊൽക്കത്തയ്ക്ക് തുണയായത്.

കോഹ്ലിയും ഡുപ്ലെസിയും ചേർന്ന് രണ്ടോവറിൽ 30 റൺസ് അടിച്ചെടുത്തു. എന്നാൽ മൂന്നാം ഓവറിൽ ഡുപ്ലെസിയെ(17) ബാംഗ്ലൂരിന് നഷ്ടമായി. ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ സുയാഷ് ശർമയാണ് വിക്കറ്റെടുത്തത്. പിന്നീടിറങ്ങിയ ഷഹ്ബാസ് അഹമ്മദ്(2), ഗ്ലെൻ മാക്സ്വെൽ(5) എന്നിവർ നിരാശപ്പെടുത്തി. ടോസ്‌ നഷ്ടപ്പെട്ട്‌ ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത അഞ്ച്‌ വിക്കറ്റ്‌ നഷ്ടത്തിൽ 200 റണ്ണടിച്ചു. ഓപ്പണർ ജാസൺ റോയിയുടെ (29 പന്തിൽ 56) അരസെഞ്ചുറിയും റാണയുടെ (21 പന്തിൽ 48) തകർപ്പനടിയുമാണ്‌ മുൻ ചാമ്പ്യൻമാരെ ഇരുനൂറിൽ എത്തിച്ചത്‌. ബാംഗ്ലൂരിന്റെ മറുപടി 179ൽ അവസാനിച്ചു. മൂന്ന്‌ വിക്കറ്റ്‌ വീഴ്‌ത്തിയ വരുൺ ചക്രവർത്തിയാണ്‌ കൊൽക്കത്തയ്‌ക്കായി പന്തിൽ തിളങ്ങിയത്‌. സുയാഷ്‌ ശർമയും ആന്ദ്രെ റസെലും രണ്ടുവീതം വിക്കറ്റും നേടി. സ്‌കോർ: കൊൽക്കത്ത 5-200, ബാംഗ്ലൂർ 8-179.