അന്താരാഷ്ട്ര ക്രിക്കറ്റില്‍ 500 മത്സരങ്ങള്‍ കളിക്കുന്ന ഇതിഹാസ താരങ്ങളുടെ അപൂര്‍വ പട്ടികയിലേക്ക് മുന്‍ ഇന്ത്യന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോഹ്‌ലി. സച്ചിന്‍ ടെണ്ടുല്‍ക്കറാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഇതിഹാസ താരം 664 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചു. 538 മത്സരങ്ങളുമായി മുന്‍ നായകന്‍ ധോണി രണ്ടാം സ്ഥാനത്തു ഉണ്ട്. നിലവിലെ ഇന്ത്യന്‍ മുഖ്യ പരിശീലകനും മുന്‍ നായകനുമായ രാഹുല്‍ ദ്രാവിഡ് 509 മത്സരങ്ങള്‍ കളിച്ച് മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. ഈ പട്ടികയിലേക്കാണ് കോഹ്‌ലിയും എത്തുന്നത്.
ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് കോഹ്‌ലി. ലോക ക്രിക്കറ്റില്‍ പത്താമത്തെ താരവും. ആദ്യ ടെസ്റ്റിൽ സെഞ്ചുറി നേട്ടം നഷ്ടമായ വിരാട് കോഹ്‌ലി ആ നിരാശ രണ്ടാം ടെസ്റ്റിൽ തീർക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അന്താരാഷ്ട്ര ക്രിക്കറ്റിലെ റൺ നേട്ടത്തിൽ ദക്ഷിണാഫ്രിക്കൻ ഇതിഹാസം ജാക്വസ് കാലിസിനെ മറികടക്കാനുള്ള അവസരവും വിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ കോഹ്‌ലിക്കുണ്ട്. 2008 ൽ ഏക ദിനത്തിൽ അരങ്ങേറിയ കോഹ്‌ലി ഇതുവരെ 274 മത്സരങ്ങളാണ് ഈ ഫോർമ്മാറ്റിൽ കളിച്ചത്. 2010 ലാണ് ഇന്ത്യയ്ക്കുവേണ്ടി താരത്തിന്റെ ടി20 അരങ്ങേറ്റം നടന്നത്. ഇതുവരെ 115 അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ താരം ജേഴ്സിയണിഞ്ഞു. 2011 ലെ വിൻഡീസ് പര്യടനത്തിൽ ടെസ്റ്റിൽ അരങ്ങേറിയ കോഹ്‌ലി ഇതുവരെ കളിച്ചത് 110 ടെസ്റ്റുകൾ. ലോക ക്രിക്കറ്റിലെ ടോപ് 100 ബാറ്റര്‍മാരില്‍ മൂന്ന് ഫോര്‍മാറ്റിലൂം കൂടി 50ന് മുകളില്‍ ശരാശരിയുള്ള മറ്റൊരു ബാറ്ററുമില്ല.