കൊച്ചി വാട്ടർ മെട്രോ: 26 നു തുടക്കം
- IndiaGlitz, [Saturday,April 22 2023]
കൊച്ചി വാട്ടർ മെട്രോ ഈ മാസം 26 നു യാഥാര്‍ത്ഥ്യമാകും. ആദ്യ സർവീസ് ഹൈക്കോടതി, വൈപ്പിൻ റൂട്ടിലാണ്. 20 രൂപയാണ് കുറഞ്ഞ നിരക്ക്. ഏപ്രിൽ 27 മുതൽ വൈറ്റില, കാക്കനാട് റൂട്ടിൽ സർവീസ് തുടങ്ങും. 30 രൂപയാണ് ഈ റൂട്ടിലെ നിരക്ക്. രാവിലെ ഏഴു മുതൽ രാത്രി എട്ടു വരെയാണ് സർവീസ്. 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാർട്ട മെട്രോ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രതിവാര പാസുകളിൽ ഇളവും പ്രഖാപിച്ചിട്ടുണ്ട്. ഉദ്ഘാടന ദിവസം പൊതു ജനങ്ങൾക്കായി സർവീസ് ഉണ്ടാകില്ല. രാജ്യത്തെ ആദ്യ വാട്ടർ മെട്രോയാണിത്.
വാട്ടർ മെട്രോ പദ്ധതിയുടെ ചിലവ് 747 കോടി രൂപയാണ്. സ്വന്തം ഡിസൈനിൽ അത്യാധുനിക സംവിധാനങ്ങളോടെയാണ് ഒൻപത് ബോട്ടുകൾ സർവീസ് ആരംഭിക്കുക. കൊച്ചി കായലിൽ ട്രയൽ റണ്ണുകൾ പുരോഗമിക്കുകയാണ്. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ശീതീകരിച്ച ബോട്ടിൽ 100 പേർക്ക് ഒരേ സമയം യാത്ര ചെയ്യാം. കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോയുടെ ആദ്യഘട്ട സര്‍വീസ് ആരംഭിക്കുമ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാരിൻ്റെ ഉറപ്പുകളില്‍ മറ്റൊന്ന് കൂടിയാണ് യാഥാര്‍ത്ഥ്യമാവുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഫേസ് ബുക്കില്‍ കുറിച്ചു.