കെ.എൽ.രാഹുൽ തിരിച്ചു വരുന്നു

2023 ഇന്ത്യൻ പ്രീമിയർ ലീഗിനിടെ പരിക്കേറ്റ ഇന്ത്യയുടെ പ്രധാന താരം കെ.എൽ.രാഹുൽ ടീമിലേക്ക് തിരിച്ചു വരാൻ ഒരുങ്ങുന്നു. തിരിച്ചു വരവിന് മുന്നോടിയായി ബാംഗ്ലൂർ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ കെ.എൽ.രാഹുൽ പരിശീലനം ആരംഭിച്ചിട്ടുണ്ട്. രാഹുൽ തന്നെയാണ് തൻ്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെ ഇതിൻ്റെ ചിത്രങ്ങൾ പുറത്തു വിട്ടത്. ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ പ്രകാരം സെപ്റ്റംബറിൽ നടക്കുന്ന ഏഷ്യാ കപ്പ് മത്സരങ്ങളാണു രാഹുൽ ലക്ഷ്യമിടുന്നത്.

2023 ഐപിഎല്ലിൽ വളരെ അവിചാരിതമായ രീതിയിലായിരുന്നു രാഹുലിന് പരിക്കേറ്റത്. ടൂർണമെന്റിൽ ലക്‌നൗ സൂപ്പർ ജയന്റ്‌സിൻ്റെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിനിടെയാണ് രാഹുൽ തുടയ്ക്ക് പരിക്കേറ്റ് മടങ്ങിയത്. ലക്‌നൗ ക്യാപ്ടനായിരുന്ന രാഹുൽ പിന്നീട് സീസണിലെ മത്സരങ്ങളിൽ ഒന്നും തന്നെ കളിച്ചിട്ടില്ല. പരിക്കിനെ തുടർന്ന് രാഹുലിനെ ശസ്ത്രക്രിയയ്ക്ക് ലണ്ടനിലേക്ക് മാറ്റുകയായിരുന്നു. ഇന്ത്യയുടെ വെസ്റ്റിൻഡീസ്, അയർലൻഡ് പര്യടനങ്ങൾക്കു ശേഷം രാഹുൽ ടീമിനൊപ്പം ചേരുമെന്നാണു വിവരം. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലും താരം കളിച്ചേക്കും.