പിതാവ് പീഡിപ്പിച്ചു എന്നു പറഞ്ഞത് സത്യമാണെന്നും തുറന്നു പറഞ്ഞതിൽ ലജ്ജയില്ലെന്നും ഖുശ്ബു
- IndiaGlitz, [Wednesday,March 08 2023]
എട്ടാം വയസുള്ളപ്പോള്‍ പിതാവ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരസ്യമായി പറഞ്ഞത് സത്യമാണെന്നും തുറന്നു പറഞ്ഞതിൽ ഒട്ടും ലജ്ജയില്ലെന്നും ദേശീയ വനിതാ കമ്മിഷന്‍ അംഗവും ബിജെപി നേതാവുമായ നടി ഖുഷ്ബു സുന്ദര്‍. അത്തരം ഹീനകൃത്യം ചെയ്തവരാണ് ലജ്ജിക്കേണ്ടതെന്നും ഖുഷ്ബു പറഞ്ഞു. എട്ടു വയസ്സു മുതൽ പതിനഞ്ചു വയസ്സു വരെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന് ദേശീയ വനിതാ കമ്മിഷൻ അംഗമായി ചുമതലയേറ്റതിനു പിന്നാലെയാണ് ഖുഷ്ബു വെളിപ്പെടുത്തിയത്.
ഭാര്യയെയും മക്കളെയു തല്ലുന്നതും മകളെ ലൈംഗിമായി പീഡിപ്പിക്കുന്നതും ജന്മാവകാശമാണെന്നു കരുതിയ ആളായിരുന്നു പിതാവ്. അമ്മയും ഇളയ സഹോദരങ്ങളും ആക്രമണത്തിരയാകുമെന്നും സത്യം തുറന്നു പറഞ്ഞാൽ അമ്മ വിശ്വസിക്കില്ലെന്നുമുള്ള ഭയം മൂലം വിവരം പുറത്തു പറഞ്ഞില്ല. ഒടുവിൽ 15–ാം വയസ്സിൽ പ്രതികരിച്ചപ്പോൾ പിതാവ് കുടുംബം ഉപേക്ഷിച്ചു പോയി മാധ്യമപ്രവർത്തക ബർഖ ദത്തുമായുള്ള സംവാദ പരിപാടിയിൽ ഖുഷ്ബു വ്യക്തമാക്കി. പോക്‌സോ പോലുള്ള കർശന നിയമങ്ങൾ അന്ന് ഉണ്ടായിരുന്നെങ്കിൽ, ഞാൻ എൻ്റെ പിതാവിനെ കോടതി കയറ്റുമായിരുന്നു എന്നും ഖുശ്ബു പറഞ്ഞു. സ്ത്രീകൾ എപ്പോഴും ശക്തരാണെന്ന് സ്വയം വിശ്വസിക്കണം. ഒരു കാര്യവും നിങ്ങളെ വീഴ്ത്തികളയരുത്. ഇത്തരത്തിൽ സംഭവിക്കുന്ന ചില കാര്യങ്ങൾ ജീവിതത്തിൻ്റെ അവസാനമാണെന്ന് കരുതുകയും ചെയ്യരുത്. എനിക്ക് സംഭവിച്ച ഒരു കാര്യം തുറന്ന് സംസാരിക്കാൻ ഇത്രയും വർഷം വേണ്ടി വന്നു എന്നും ഖുശ്ബു വെളിപ്പെടുത്തി.