ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളം ഒന്നാമത്

  • IndiaGlitz, [Thursday,June 08 2023]

ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ഒന്നാം സ്ഥാനം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് ഭക്ഷ്യ സുരക്ഷയിൽ കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. ട്രോഫിയും പ്രശസ്തി ഫലകവും അടങ്ങിയ പുരസ്‌കാരം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി മൺസുഖ് മാണ്ഡവ്യയിൽ നിന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണർ വി.ആർ. വിനോദ് ഏറ്റുവാങ്ങി.

കേരളം ഭക്ഷ്യ സുരക്ഷയിൽ കൃത്യമായും ചിട്ടയായും നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഇതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഒപ്പം നിന്ന് പ്രവർത്തിച്ച് ഈ നേട്ടം കൈവരിക്കാൻ പ്രയത്‌നിച്ച ഭക്ഷ്യസുരക്ഷാ വകുപ്പിലെ എല്ലാ ജീവനക്കാരേയും മന്ത്രി അഭിനന്ദിച്ചു. മുന്‍ വര്‍ഷത്തെ വരുമാനത്തെക്കാള്‍ 193 ശതമാനം അധികം റെക്കോഡ് വരുമാനമാണ് 2022-23 കാലയളവില്‍ നേടിയത്. ഈ കാലയളവില്‍ 28.94 കോടി രൂപയുടെ എക്കാലത്തെയും ഉയര്‍ന്ന റെക്കോര്‍ഡ് വരുമാനമാണ് നേടിയത്. 15.41 കോടി രൂപ നേടി 2018-19 ലായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വരുമാനം. അതിനെക്കാള്‍ ഇരട്ടിയോളം വരുന്ന വര്‍ധനവാണ് ഇത്തവണ ഉണ്ടായത്.