പ്ലേ ഓഫ് മത്സരം പൂര്‍ത്തിയാക്കാതെ കളം വിട്ടതിന് കേരള ബ്ലാസ്റ്റേഴ്‌സ് ഖേദം പ്രകടിപ്പിച്ചു. അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ്റെ അച്ചടക്ക നടപടിക്ക് പിന്നാലെയാണ് ബ്ലാസ്റ്റേഴ്സ് ടീം ക്ഷമാപണം നടത്തിയത്. സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ച പ്രസ്താവനയിലാണ് ക്ലബ്ബിൻ്റെ ഖേദപ്രകടനം. ബ്ലാസ്റ്റേഴ്സിന് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ നാല് കോടി രൂപ പിഴയിട്ടിരുന്നു. വുകൊമാനോവിച്ചിന് പത്ത് മത്സരങ്ങളിൽ വിലക്കേർപ്പെടുത്തുകയും ചെയ്തു. അഞ്ച് ലക്ഷം രൂപ പിഴയുമുണ്ട്. പരസ്യമായി മാപ്പു പറഞ്ഞില്ലെങ്കിൽ ശിക്ഷ വർധിപ്പിക്കുമെന്ന് ഫെഡറേഷൻ വ്യക്തമാക്കിയിരുന്നു.
ബംഗളൂരു എഫ്.സിക്കെതിരായ നോക്കൗട്ട് മത്സരത്തിനിടെയുണ്ടായ സംഭവങ്ങളിൽ ആത്മാർഥമായി ഖേദമറിയിക്കുന്നു. ആ സമയത്ത് കളം വിട്ടത് നിർഭാഗ്യകരമായെന്നും ആ നിമിഷത്തിലെ വൈകാരികതയിൽ എടുത്ത തീരുമാനമായിപ്പോയെന്നും അറിയിക്കുന്നു. ഫുട്ബാൾ സമൂഹത്തോടുളള ആദരം അറിയിക്കുന്നതോടൊപ്പം മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ മുൻകരുതൽ സ്വീകരിക്കുമെന്നും ഇതിനാൽ അറിയിക്കുന്നു’’- ബ്ലാസ്റ്റേഴ്സ് പ്രസ്താവനയിൽ പറഞ്ഞു.