കാസർഗോഡേക്കു സിനിമ വന്നത് മയക്കുമരുന്ന് മോഹിച്ചല്ല: സുധീഷ് ഗോപിനാഥ്
- IndiaGlitz, [Thursday,April 27 2023]
കാസർഗോഡേക്ക് സിനിമ വന്നത് മയക്കുമരുന്ന് മോഹിച്ചല്ല മറിച്ച് കാസർഗോഡിൻ്റെ സൗന്ദര്യം കൊണ്ടും സിനിമ നെഞ്ചേറ്റിയവരുടെ ധൈര്യവും ആവേശവും കൊണ്ടാണെന്ന് മദനോത്സവം സംവിധായകൻ സുധീഷ് ഗോപിനാഥ്. പല മലയാള സിനിമകളും കാസർഗോഡ് കേന്ദ്രീകരിച്ച് ചിത്രീകരിക്കുന്നത് മംഗലാപുരത്ത് നിന്ന് മയക്കുമരുന്നിൻ്റെ ലഭ്യതയുള്ളതു കൊണ്ടാണെന്ന നിർമ്മാതാവ് രഞ്ജിത്തിൻ്റെ വിവാദ പരാമർശത്തിന് മറുപടിയായിട്ടാണ് സുധീഷ് ഇങ്ങനെ പറഞ്ഞത്. ഒരു അഭിമുഖത്തിൽ സിനിമയിലെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കവേയായിരുന്നു രഞ്ജിത്തിൻ്റെ പരാമർശം.
കാസർഗോഡിൻ്റെ ഉൾ നാടുകളുടെ ദൃശ്യ ഭംഗിയും സാംസ്കാരിക ശേഷിപ്പുകളുടെ കാഴ്ചകളും, ജനങ്ങളുടെ സഹകരണവും ഒക്കെ ആവാം സിനിമ പ്രവർത്തകരെ ഇവിടേയ്ക്ക് നോക്കാൻ പ്രേരിപ്പിച്ചത്. രതീഷ് ബാലകൃഷ്ണ പൊതുവാളിൻ്റെ പയ്യന്നൂർ ഷൂട്ട് ചെയ്ത ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വൻ വിജയമായപ്പോൾ കാസർഗോഡ് അടക്കമുള്ള പ്രദേശത്തു നിന്നുള്ളവരുടെ പുതിയ സിനിമ പ്രവർത്തക സംഘം ഉണ്ടായി വന്നുവെന്നും സുധീഷ് പറയുന്നു. ഈ നാട്ടിലെ സാധാരണക്കാരെയും സിനിമ പ്രവർത്തകരെയും അപമാനിക്കുന്നതാണ് എം രഞ്ജിത്തിൻ്റെ പ്രസ്താവനയെന്നും സുധീഷ് പറഞ്ഞു. എൻ്റെ സ്വന്തം നാട്ടിൽ സിനിമ ചെയ്യുന്നത് ഈ നാട് എൻ്റെ കൂടെ നിൽക്കും എന്ന വിശ്വാസമുള്ളതു കൊണ്ടാണ്. ഷൂട്ടിംഗ് സമയത്ത് എൻ്റെ ക്രൂ മെമ്പേഴ്സ് എല്ലാം വീടുകളിലാണ് താമസിച്ചിരുന്നത്. കാസർഗോഡ് നന്മയുള്ള മനുഷ്യർ ഉള്ളതു കൊണ്ടാണ് താമസിക്കാൻ വീട് വിട്ടു തന്നത്. മറ്റ് രീതിയിലുള്ള പ്രചാരണങ്ങൾ തികച്ചും അവാസ്തവവും ഈ നാട്ടിലെ സാധാരണക്കാരെയും സിനിമ പ്രവർത്തകരെയും അപമാനിക്കലും കൂടിയാണ് സുധീഷ് ഗോപിനാഥ് വ്യക്തമാക്കി.