ഭാരത് ജോഡോ യാത്രയിൽ കമല്‍ഹാസനും

ഭാരത് ജോഡോ യാത്രയിൽ കമല്‍ഹാസന്‍ പങ്കെടുക്കും. ഡിസംബര്‍ 24-ന് ഡൽഹിയിലെത്തുമ്പോഴാണ് രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ മക്കള്‍ നീതി മയ്യം പ്രവര്‍ത്തകരോടൊപ്പം നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ പങ്കുചേരുന്നത്. രാഹുല്‍ഗാന്ധിയുടെ ക്ഷണം സ്വീകരിച്ചാണ് കമല്‍ഹാസന്‍ ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതെന്നാണ് റിപ്പോർട്ട്.

സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍നിന്ന് തുടങ്ങിയ ഭാരത് ജോഡോ യാത്ര വിവിധ സംസ്ഥാനങ്ങള്‍ പിന്നിട്ടാണ് ഡൽഹിയിൽ എത്തുന്നത്. ഇതിനകം തമിഴ്‌നാട്, കേരളം, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ പിന്നിട്ട് കഴിഞ്ഞു. എട്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം യാത്ര ബിജെപിയുടെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലേക്ക് നീങ്ങും. തുടർന്ന് ജമ്മു കശ്മീരിൽ എത്തുന്നതിന് മുമ്പ് അടുത്ത മാസം പഞ്ചാബിൽ പ്രവേശിക്കും. ഭാരത് ജോഡോ യാത്രയില്‍ റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ പങ്കെടുത്തിരുന്നു.