ദേവനന്ദയ്ക്ക് പുരസ്‌കാരം നിഷേധിച്ചതിനെതിരെ കെ.സുരേന്ദ്രൻ

  • IndiaGlitz, [Saturday,July 22 2023]

മാളികപ്പുറം സിനിമയിലെ ബാലതാരത്തിന് പുരസ്‌കാരം നിഷേധിച്ചതിൽ അവാർഡ് നിർണ്ണയിച്ചവർ മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കണ്ണ് പൊട്ടൻമാരാണോ അവാർഡ് നിശ്ചയിക്കുന്നത്, ആ കുട്ടിയുടെ അഭിനയം കണ്ടവർക്ക് എങ്ങനെയാണ് ഒഴിവാക്കാൻ കഴിയുക. സിനിമയെ പൂർണ്ണമായും ഒഴിവാക്കിയതിന് പിന്നിൽ വിഭാഗീയമായ ചിന്തയാണെന്നും ഇത്തരം പ്രവർത്തനങ്ങൾ ഖേദകരമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. അവാർഡ് നിർണ്ണയിച്ചവർ മറുപടി പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംവിധായകൻ വിജി തമ്പിയും ഇതേ അഭിപ്രായം മുന്നോട്ടു വെച്ചു. ബാലതാരം ദേവനന്ദയുടേത് ഉൾപ്പെടെയുള്ളവരുടെ മികച്ച അഭിനയം ആണെന്നും എന്നാൽ ചിത്രത്തെ ജൂറി ബോധപൂർവം അവഗണിച്ചു, മാളികപ്പുറം സിനിമയ്ക്ക് സംസ്ഥാന അവാർഡ് നൽകാമായിരുന്നു, യാതൊരു പുരസ്‌കാരവും നൽകാതിരുന്നത് സർക്കാർ പറഞ്ഞിട്ടാകും എന്നും അദ്ദേഹം വിമർശിച്ചു. കേരള സർക്കാർ അവാർഡിന് ഇപ്പോൾ ഒരു വിലയും ഇല്ലാതെയായെന്ന് വിജി തമ്പി പറഞ്ഞു. ഈ വർഷത്തെ മികച്ച ബാലതാരത്തിനുള്ള അവാർഡ് നേടിയത് തൻമയ സാേൾ ആണ്. സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ‘വഴക്ക്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാർഡ്.