കേരളത്തിൽ കെ-റെയിൽ യാഥാർത്ഥ്യമാകും: മുഖ്യമന്ത്രി
- IndiaGlitz, [Monday,June 12 2023]
കേരളത്തിൽ കെ റെയില്‍ ഇന്നല്ലെങ്കില്‍ നാളെ യാഥാര്‍ത്ഥ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാർ കൊണ്ടു വന്ന വന്ദേഭാരത് ട്രെയിനിന് മികച്ച സ്വീകാര്യത ലഭിച്ചതുവഴി, അതിവേഗ ട്രെയിനിൻ്റെ ആവശ്യകത ആളുകൾക്ക് മനസ്സിലായെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിൽ ബിസിനസ് ആൻഡ് ഇൻവെസ്റ്റ്മെന്റ് മീറ്റിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം. ഒരു വിഭാഗം അതിനെ അട്ടിമറിക്കാനുള്ള ശ്രമം നടത്തി. കെ-റെയിലിന് അനുമതി ലഭ്യമാക്കരുതെന്ന് ആവശ്യപ്പെട്ടുള്ള വിവിധ തരത്തിലുള്ള സമ്മർദങ്ങൾ കേന്ദ്രങ്ങളിലെത്തി. അതിനാൽ കെ-റെയിൽ ഇപ്പോൾ യാഥാർഥ്യമായില്ല. എന്നാൽ അത് യാഥാർഥ്യമാകുന്ന ഒന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഏഴ് വർഷമായി കേരളത്തിൽ മാതൃകാഭരണമാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കുന്ന സർക്കാരാണ് കേരളത്തിലുള്ളത്. വാഗ്ദാനങ്ങൾ നടപ്പാക്കിയതിനാൽ ആണ് ജനങ്ങൾ തുടർ ഭരണം നൽകിയതെന്നും പിണറായി വിജയൻ ന്യൂയോർക്കിൽ പറഞ്ഞു. മുഖ്യമന്ത്രിക്ക് പുറമെ ധനമന്ത്രി കെഎൻ ബാലഗോപാൽ, നിയമസഭാ സ്പീക്കർ എ എൻ ഷംസീർ, നോർക്ക വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, ചീഫ് സെക്രട്ടറി വി.പി ജോയ് എന്നിവരും ലോക കേരള സഭ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. അമേരിക്കയിലെ മലയാളി നിക്ഷേപകർ, പ്രമുഖ മലയാളി വ്യവസായികൾ, ഐടി വിദഗ്ധർ, വിദ്യാർഥികൾ, വനിത സംരംഭകർ എന്നിവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തും.