കെ റെയിൽ: ഇ ശ്രീധരൻ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നൽകി

  • IndiaGlitz, [Tuesday,July 11 2023]

സിൽവർലൈൻ പദ്ധതിയിൽ മാറ്റം വേണമെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് മെട്രോമാൻ ഇ.ശ്രീധരൻ മുഖ്യമന്ത്രിക്ക് കൈമാറി. ആദ്യം സെമി ഹൈസ്പീഡ് റെയില്‍ വേണമെന്നും പിന്നീട് ഇത് ഹൈസ്പീഡ് ആക്കണമെന്നും ശ്രീധരന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നിലവിലെ സില്‍വര്‍ ലൈന്‍ ദേശീയ റെയില്‍ പാതയുമായി ബന്ധിപ്പിക്കാന്‍ കഴിയില്ല. ഡൽഹിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധി കെ.വി.തോമസ് വഴിയാണ് മുഖ്യമന്ത്രിയ്ക്ക് റിപ്പോര്‍ട്ട് കൈമാറിയത്.

സംസ്ഥാനത്തിന് പുറത്തേയ്ക്കും യാത്ര ചെയ്യാന്‍ കഴിയുന്നവിധം സംവിധാനം ഒരുക്കണം. ഇതിന് കെ റെയില്‍ പദ്ധതി ബ്രോഡ്‌ഗേജ് സംവിധാനത്തിലേക്ക് മാറിയാലേ പ്രയോജനം ചെയ്യുകയുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തുരങ്ക പാതയും എലവേറ്റഡ് പാതയും ചേർന്ന പദ്ധതിയാണ് കേരളത്തിൽ പ്രായോഗികം. ഇത് പൂർത്തിയായാൽ തിരുവനന്തപുരത്തു നിന്ന് 1 മണിക്കൂർ 8 മിനിറ്റ് കൊണ്ട് കണ്ണൂരിലെത്താം. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട വെച്ച കെ റെയില്‍ പദ്ധതി ഫലപ്രദമല്ല എന്നുമാണ് ശ്രീധരന്‍ പറയുന്നത്. കെ റെയിലിന് വലിയ അളവില്‍ ഭൂമി ഏറ്റെടുക്കല്‍ വേണ്ടിവരുമെന്നും ഇത് പ്രായോഗികം അല്ലെന്നുമാണ് ശ്രീധരന്‍ പറഞ്ഞത്.