ആരാധകൻ്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ജൂനിയര്‍ എന്‍ടിആര്‍

  • IndiaGlitz, [Wednesday,June 28 2023]

ആരാധകൻ്റെ ദുരൂഹ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് തെന്നിന്ത്യന്‍ താരം ജൂനിയര്‍ എന്‍ടിആര്‍ രംഗത്ത്. ശ്യാമിൻ്റെ മരണം തന്നെ അ​ഗാധമായ ദുഃഖത്തിലാഴ്ത്തുന്നു എന്ന് ജൂനിയർ എൻ.ടി.ആർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ശ്യാമിൻ്റെ മരണം വളരെ വേദനാജനകമാണ്. ശ്യാമിൻ്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു. ഏത് സാഹചര്യത്തിലാണ് അദ്ദേഹം മരിച്ചത് എന്ന് അറിയാത്തത് എല്ലാവരേയും വല്ലാത്ത മാനസികാവസ്ഥയിൽ എത്തിച്ചിരിക്കുകയാണ്. വിഷയം ഉടൻ അന്വേഷിക്കാൻ സർക്കാർ ഉദ്യോഗസ്ഥരോട് ഞാൻ അഭ്യർത്ഥിക്കുന്നു, തെലുങ്കിലുള്ള പ്രസ്താവനയിൽ താരം അഭ്യർത്ഥിച്ചു.

ആന്ധ്രാപ്രദേശ് ചിന്തലൂര്‍ സ്വദേശിയായ ശ്യാമിൻ്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അടക്കം രംഗത്തെത്തിയിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ശ്യാമിനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിനു മുമ്പ് ബ്ലേഡ് ഉപയോഗിച്ച് കൈ മുറിച്ചിരുന്നു. ഇതിനായി ഉപയോഗിച്ച ബ്ലേഡ് പാന്റ്‌സിൻ്റെ പോക്കറ്റില്‍ നിന്ന് കണ്ടെത്തി. ഇതിനു ശേഷമാണ് തൂങ്ങി മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. തെലുങ്ക് യുവ സൂപ്പർതാരം ജൂനിയർ എൻ.ടി.ആറിൻ്റെ കടുത്ത ആരാധകനായ ശ്യാമിൻ്റെ മരണത്തിൽ സോഷ്യൽ മീഡിയക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാണ്. ശ്യാമിന്റേത് ആത്മഹത്യയല്ലെന്നും മരണത്തിൽ അസ്വാഭാവികത ഉണ്ടെന്ന് ആരോപിച്ചാണ് പ്രതിഷേധം. മരണത്തില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന ആരോപണവുമായി തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി) രംഗത്തെത്തിയിരുന്നു. ഇതോടെയാണ് രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തുടക്കമായത്.