മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായി

  • IndiaGlitz, [Thursday,February 02 2023]

മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഇന്നു ജയിൽ മോചിതനായി. അറസ്റ്റിലായി രണ്ടു വർഷവും മൂന്ന് മാസവും കഴിയുമ്പോഴാണ് ജയിൽ മോചനം. ഉത്തർപ്രദേശിലെ ഹാത്രസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ വീട് സന്ദർശിക്കാനുള്ള യാത്രയ്ക്കിടെ ആയായിരുന്നു കാപ്പനെ യു.പി. പോലീസ് അറസ്റ്റ് ചെയ്തത്. യുഎപിഎ ചുമത്തിയാണ് ജയിലിലടച്ചത്. യുപി പൊലീസ് രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസില്‍ സുപ്രീം കോടതിയും ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ അലഹബാദ് ഹൈക്കോടതിയും ജാമ്യം നല്‍കിയതോടെയാണ് 27 മാസത്തെ ജയില്‍ വാസത്തിന് ശേഷം സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായത്.

നീതി പൂര്‍ണമായി ലഭിച്ചിട്ടില്ലെന്നും പൊതു സമൂഹത്തോടും മാധ്യമങ്ങളോടും നന്ദിയുണ്ടെന്നും ജയിൽ മോചിതനായ ശേഷം സിദ്ദിഖ് കാപ്പൻ മാധ്യമങ്ങളോട് പറഞ്ഞു. ഒപ്പമുളള നിരപരാധികള്‍ ഇപ്പോഴും ജയിലിലാണ് എന്നും കാപ്പൻ പറഞ്ഞു. ഹാഥ്റസ് ബലാത്സംഗക്കൊല റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ കാപ്പന്‍ 2020 ഒക്ടോബര്‍ അഞ്ചിനാണ് യുപിയില്‍ അറസ്റ്റിലായത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കൊപ്പം യാത്ര ചെയ്ത സിദ്ദിഖ് കാപ്പന്‍ കാലാപത്തിന് ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുഎപിഎ ചുമത്തിയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. കാപ്പൻ്റെ അക്കൗണ്ടിലേക്ക് 45,000 രൂപ അനധികൃതമായി എത്തിയെന്നാരോപിച്ചാണ് ഇഡി കേസ് രജിസ്റ്റര്‍ ചെയ്തത്.