ജോസിന് ബിനോ പാലാ നഗരസഭ അധ്യക്ഷ
- IndiaGlitz, [Thursday,January 19 2023]
പാലാ നഗര സഭാധ്യക്ഷയായി സിപിഎമ്മിലെ ജോസിൻ ബിനോയെ തിരഞ്ഞെടുത്തു. നഗരസഭാ കൗൺസിലിലെ സിപിഎം സ്വതന്ത്ര്യ അംഗമാണ് ജോസിൻ. കേരള കോൺഗ്രസിൻ്റെ (എം) കടുത്ത പ്രതിഷേധത്തെ തുടർന്ന് സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കിയതോടെയാണ് ജോസിൻ ബിനോ നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത്. ബിനു പുളിക്കണ്ടത്തെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് മാറ്റിയതില്‍ വിഷമമുണ്ടെന്ന് നിയുക്ത പാലാ നഗരസഭാധ്യക്ഷ ജോസിന് ബിനോ മാധ്യമങ്ങളോട് പ്രതികരിച്ചു. അദ്ദേഹത്തിൻ്റെ നിർദ്ദേശം കൂടി പിന്തുടർന്ന് കൊണ്ട് മുൻപോട്ട് പോകുമെന്നും ജോസിൻ പറഞ്ഞു.
ബിനു പുളിക്കക്കണ്ടത്തെ അധ്യക്ഷനാക്കുമെന്നായിരുന്നു ആദ്യ പ്രചാരണം. എന്നാല്‍ കേരളാ കോണ്‍ഗ്രസ് (എം) ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയ സാഹചര്യത്തിലാണ് ഒടുവില്‍ ജോസിൻ ബിനോയ്ക്കു നറുക്ക് വീണത്. 17 അംഗങ്ങളുടെ പിന്തുണയോടെയാണ് ജോസിന് ബിനോ അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. നേരത്തേ, നഗരസഭാ ഹാളില്‍ വച്ച് ബിനു പുളിക്കക്കണ്ടം കേരള കോണ്‍ഗ്രസ് (എം) അംഗം ബൈജു കൊല്ലംപറമ്പിലിനെ മര്‍ദിച്ചതാണ് എതിര്‍പ്പിനു കാരണം. 2021 ലായിരുന്നു സംഭവം. ഇതിൻ്റെ വീഡിയോ കേരള കോൺഗ്രസ് പ്രവർത്തകർ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ ബിനു ബൈജുവിനെ മർദ്ദിക്കുന്ന രംഗങ്ങൾ ദൃശ്യങ്ങളിൽ ഉണ്ട്. എന്ത് സംഭവിച്ചാലും ബിനുവിനെ അധ്യക്ഷൻ ആക്കാൻ അനുവദിക്കില്ലെന്നും ബിനുവിന് പകരം മറ്റാരെ തിരഞ്ഞെടുത്താലും അംഗീകരിക്കുമെന്നും കേരള കോൺഗ്രസ് നിലപാടെടുക്കുകയായിരുന്നു. നഗരസഭാ യോഗത്തിൽ പ്രതിഷേധ സൂചകമായി കറുത്ത ഷർട്ട് അണിഞ്ഞ് ബിനു പുളിക്കക്കണ്ടം വോട്ട് ചെയ്യാനെത്തിയത് വാർത്തയായിരുന്നു.