ന്യൂ ഇയറിന് കോടികളുടെ ലഹരി കൊച്ചിയിലേക്ക്? തടയാൻ സംയുക്ത നീക്കം
- IndiaGlitz, [Monday,November 28 2022]
പുതുവത്സരത്തിനു മുന്നോടിയായി പരിശോധന കര്‍ശനമാക്കി ലഹരിയുടെ ഒഴുക്ക് തടയാന്‍ നടപടി തുടങ്ങി. കൊച്ചി കേന്ദ്രീകരിച്ചുള്ള ലഹരിമരുന്ന് ഇടപാടുകള്‍ക്കും ലഹരി പാര്‍ട്ടികള്‍ക്കും തടയിടാന്‍ അന്വേഷണ ഏജന്‍സികളുടെ സംയുക്ത നീക്കം. സംസ്ഥാന, കേന്ദ്ര അന്വേഷണ ഏജന്‍സികളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക ദൗത്യ സംഘത്തിന് രൂപം നല്‍കി.
എംഡിഎംഎ, എല്‍എസ്ഡി ഉള്‍പ്പെടെ സിന്തറ്റിക് ലഹരിയുടെ പ്രധാന ഹബായി മാറിയ കൊച്ചിയില്‍ ഒന്നിച്ചുനിന്നു പോരാടാനാണ് അന്വേഷണ ഏജന്‍സികളുടെ തീരുമാനം. സംസ്ഥാനത്തെ എക്സൈസ്, പൊലീസ് സേനകള്‍ക്കൊപ്പം കസ്റ്റംസ്, നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളാണ് കൈകോര്‍ക്കുന്നത്. വ്യാപനം തടയുന്നതിനൊപ്പം ഉറവിടം കണ്ടെത്തി ലഹരിയുടെ വേരറുക്കുകയാണ് ലക്ഷ്യം. അന്തര്‍ സംസ്ഥാന, രാജ്യാന്തര ബന്ധങ്ങളിലേക്ക് നീളുന്ന സിന്തറ്റിക് ലഹരിക്കേസുകളില്‍ സംയുക്ത ദൗത്യം ഏറെ ഗുണം ചെയ്യും. കുറ്റവാളികളെ കണ്ടെത്താന്‍ വിപുലമായ സാങ്കേതിക സംവിധാനങ്ങളും പ്രയോജനപ്പെടുത്തും.
പുതുവത്സരത്തിന് കൊച്ചിയിലേക്ക് കോടികളുടെ സിന്തറ്റിക് ലഹരിയൊഴുകുമെന്നാണ് രഹസ്യവിവരം. ഇതു തടയാന്‍ നഗരത്തിലെ ബാര്‍, ഹോട്ടല്‍ ഉടമകളുടെ സഹകരണവും ഉറപ്പാക്കും. ഇതിനു മുന്നോടിയായി ഉദ്യോഗസ്ഥരും ഉടമകളും ഉള്‍പ്പെടുന്ന കൂട്ടായ്മയ്ക്ക് രൂപം നല്‍കി. ലഹരിമരുന്ന് ഇടപാടുകള്‍ക്ക് പുറമേ നിയമലംഘനങ്ങള്‍ക്ക് നടപടി നേരിട്ട സ്ഥാപനങ്ങളുടെ പട്ടിക തയാറാക്കി നിരീക്ഷണവും പരിശോധനയും ശക്തമാക്കും.