ജലധാര പമ്പ്സെറ്റ് സിൻസ് 1962: സ്നീക്ക് പീക്ക് പുറത്തിറങ്ങി
- IndiaGlitz, [Friday,July 28 2023]
വണ്ടർ ഫ്രെയിംസ് ഫിലിംലാൻഡിൻ്റെ ബാനറിൽ ബൈജു ചെല്ലമ്മ, സാഗർ, സനിത ശശിധരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ജലധാര പമ്പ്സെറ്റ് സിൻസ് 1962 സിനിമയുടെ രസകരമായ സ്നീക്ക് പീക്ക് പുറത്തിറങ്ങി. വണ്ടർ ഫ്രെയിംസ് ഫിലിംലാൻഡിൻ്റെ ആദ്യ നിർമ്മാണ സംരംഭമാണിത്. ഇന്ദ്രൻസ്, ഉർവശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഷ് ചിന്നപ്പയാണ് സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്. ആക്ഷേപ ഹാസ്യ ഗണത്തിൽ വരുന്ന ചിത്രമാണിത്. ഒരു പുഞ്ചിരിയോടെ കണ്ടിരിക്കാവുന്ന രസകരമായ സംഭാഷണങ്ങളോട് കൂടിയാണ് സ്നീക്ക് പീക്ക് പുറത്തിറങ്ങിയിരിക്കുന്നത്.
സാഗർ, ജോണി ആൻ്റണി, ടി ജി രവി, വിജയരാഘവൻ, അൽത്താഫ്, ജയൻ ചേർത്തല, ശിവജി ഗുരുവായൂർ, സജി ചെറുകയിൽ, കലാഭവൻ ഹനീഫ്, തങ്കച്ചൻ വിതുര, വിഷ്ണു ഗോവിന്ദൻ, സനുഷ, നിഷ സാരംഗ്, അഞ്ജലി സുനിൽ കുമാർ, സ്നേഹ ബാബു, ഷൈലജ അമ്പു, നിത കർമ്മ തുടങ്ങിയവരും അഭിനയിക്കുന്നു. പാലക്കാടാണ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് നടന്നത്. പ്രജിൻ എം പി, ആഷിഷ് ചിന്നപ്പ എന്നിവർ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിൻ്റെ കഥ സനു കെ ചന്ദ്രന്റേതാണ്. സജിത്ത് പുരുഷൻ ഛായാഗ്രഹണവും കൈലാസ് സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു.