ബി.ബി.സി ഓഫീസുകളിലെ റെയ്ഡിനെ പരിഹസിച്ച് ജയറാം രമേശ്

  • IndiaGlitz, [Tuesday,February 14 2023]

ബി.ബി.സി ഓഫീസുകളിലെ ആദായ നികുതി വകുപ്പ് പരിശോധനയിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തു വന്നു. അദാനിക്കെതിരെ പാർലമെന്ററി സമിതിയുടെ അന്വേഷണം ആവശ്യപ്പെടുമ്പോൾ കേന്ദ്രം ബി.ബി.സി.ക്ക് പിന്നാലെയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് കുറ്റപ്പെടുത്തി. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട നരേന്ദ്ര മോദി ഡോക്യുമെന്റെറി വിവാദം നിലനിൽക്കുന്നതിനിടെയാണ് ബി.ബി.സി.യുടെ മുംബൈയിലെയും ദില്ലിയിലെയും ഓഫീസുകളിൽ ആദായ നികുതി വകുപ്പിൻ്റെ പരിശോധന. ഇന്ന് രാവിലെ 11:30 നാണ് ആദായ നികുതി ഉദ്യോഗസ്ഥർ ബി.ബി.സി ഓഫീസിൽ എത്തിയത്. ആദായ നികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് റെയ്ഡ് ആരംഭിച്ചത്. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് കോൺഗ്രസ് ഇതിനെ ആരോപിച്ചു. വിനാശകാലേ വിപരീത ബുദ്ധി എന്നാണ് കോൺഗ്രസ് ബി.ബി.സി ഓഫീസുകളിലെ പരിശോധനയെ ട്വിറ്ററിലൂടെ ജയറാം രമേഷ് പരിഹസിച്ചത്. അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളിൽ പ്രതിപക്ഷം അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധിക്കുമ്പോഴും, കേന്ദ്ര സർക്കാർ ബി.ബി.സി.ക്ക് പിന്നാലെ പോവുകയാണെന്ന് കോൺഗ്രസ്‌ നേതാക്കൾ വിമർശിച്ചു.