ജയ് മഹേന്ദ്രൻ: സോണി ലിവിൻ്റെ ആദ്യ മലയാളം ഒറിജിനൽ സീരീസ്
- IndiaGlitz, [Tuesday,April 18 2023]
ഹിന്ദിയിൽ മാത്രമല്ല, പ്രാദേശിക ഭാഷകളിലും ശ്രദ്ധേയമായ ഉള്ളടക്കം കൊണ്ട് ഇന്ത്യക്കാർക്കിടയിൽ സ്വന്തമായ ഒരിടം കണ്ടെത്തിയ വിനോദ പ്ലാറ്റ്ഫോമാണ് സോണി ലിവ്. തമിഴിലും തെലുങ്കിലും നിരൂപക പ്രശംസ നേടിയ ഒരുപിടി പരമ്പരകൾ സ്വന്തമായി നിർമിച്ച ശേഷം മലയാളത്തിലും അതേ വിജയം ആവർത്തിക്കാനുള്ള തയാറെടുപ്പിലാണ് സോണി ലിവ്. ജയ് മഹേന്ദ്രൻ എന്ന് പേരിട്ടിരിക്കുന്ന പരമ്പര, ഒരു രാഷ്ട്രീയപ്രമേയമാണ് കൈകാര്യം ചെയ്യുന്നത്.
രാഷ്ട്രീയ സ്വാധീനവും ആരെയും കൈയിലെടുക്കാനുള്ള കൗശലവും കൊണ്ട് തനിക്കാവശ്യമുള്ള എന്തും സാധിച്ചെടുക്കാൻ മിടുക്കുള്ള ഓഫിസർ മഹേന്ദ്രനാണ് പരമ്പരയുടെ കേന്ദ്ര കഥാപാത്രം. എന്നാൽ ഇതേ രാഷ്ട്രീയക്കളികളുടെ ഇരയായി മഹേന്ദ്രനും മാറുന്നു. അതോടെ അയാൾക്ക് തൻ്റെ ഓഫിസിലുണ്ടായിരുന്ന അധികാരവും സ്വാതന്ത്ര്യവും നഷ്ടമാകുന്നു. അയാളുടെ ആശയങ്ങളും ചിന്താഗതിയുമെല്ലാം ചോദ്യം ചെയ്യപ്പെടുന്നു. സ്വന്തം ജോലി സംരക്ഷിക്കാനും കൈമോശം വന്ന സൽപ്പേര് വീണ്ടെടുക്കാനും മഹേന്ദ്രൻ വല്ലാതെ കഷ്ടപ്പെടുന്നു. വേണ്ടിവന്നാൽ അതിന് സിസ്റ്റത്തെ മുഴുവൻ അട്ടിമറിക്കാനും അയാൾ തയ്യാറാകും. ഈ തീക്കളിയിൽ മഹേന്ദ്രൻ ജയിക്കുമോ തോൽക്കുമോ എന്നറിയാൻ സോണി ലിവ് പരമ്പരക്കായി കാത്തിരിക്കാം.
ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഫിലിംമേക്കർ രാഹുൽ റിജി നായരാണ് ജയ് മഹേന്ദ്രൻ്റെ കഥയെഴുതുന്നതും നിർമിക്കുന്നതും. സംവിധാനം ശ്രീകാന്ത് മോഹൻ. സൈജു കുറുപ്പ്, സുഹാസിനി, മിയ, സുരേഷ് കൃഷ്ണ, മണിയൻപിള്ള രാജു, ബാലചന്ദ്രൻ ചുള്ളിക്കാട്, വിഷ്ണു ഗോവിന്ദൻ, സിദ്ധാർഥ ശിവ, രാഹുൽ റിജി നായർ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. വളരെ വ്യത്യസ്തമായ ഇതിവൃത്തവും അവതരണരീതിയുമാണ് അണിയറയിൽ ഒരുങ്ങുന്നത്.