ആനക്കൊമ്പ് കേസ്: നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി

  • IndiaGlitz, [Monday,September 18 2023]

മോഹൻലാൽ പ്രതിയായ ആനക്കൊമ്പ് കേസിൽ വിചാരണ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ആറു മാസത്തേക്കാണ് സ്റ്റേ. വിചാരണയ്ക്കായി മോഹൻലാലിനോട് അടുത്ത മാസം കോടതിയിൽ നേരിട്ടു ഹാജരാകണം എന്ന് നിർദേശിച്ചിരുന്നു. ഇതിലുള്ള തുടർ നടപടികളാണ് കോടതി സ്റ്റേ ചെയ്തത്.

ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാൽ ഉൾപ്പെടെയുള്ള പ്രതികൾ നവംബർ മൂന്നിന് നേരിട്ട് ഹാജരാകണമെന്നായിരുന്നു കഴിഞ്ഞമാസം പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി നിർദേശിച്ചത്. കേസ് പിൻവലിക്കണം എന്ന സർക്കാരിന്റെ അപേക്ഷയും കോടതി തള്ളിയിരുന്നു. ആവശ്യം പൊതു താത്‌പര്യത്തിന് വിരുദ്ധമാണെന്നായിരുന്നു അന്ന് കോടതി വിലയിരുത്തിയത്. മോഹൻലാലിൻ്റെ എറണാകുളത്തെ വീട്ടിൽ അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ചത് സംബന്ധിച്ച് 2011-ൽ ആദായ നികുതി വകുപ്പാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസ് പിന്നീട് വനം വകുപ്പിന് കൈമാറുകയായിരുന്നു. ആനക്കൊമ്പ് കൈവശം സൂക്ഷിക്കുന്നതിന് മുൻകാല പ്രാബല്യത്തോടെ അനുമതിയുണ്ടെന്നും ഈ സാഹചര്യത്തിൽ വനം വകുപ്പ് തനിക്കെതിരേ സമർപ്പിച്ച കുറ്റപത്രം നിലനിൽക്കില്ലെന്നും മോഹൻലാൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.