മലയാളത്തിൻ്റെ മണിനാദം നിലച്ചിട്ട് ഏഴു വർഷം
- IndiaGlitz, [Monday,March 06 2023]
കൊച്ചിൻ കലാഭവൻ മിമിക്സ് പരേഡിലൂടെ കലാരംഗത്ത് സജീവമായ തൃശൂർ ചാലക്കുടിക്കാരൻ കലാഭവൻ മണിയുടെ ഓർമ്മയ്ക് ഇന്ന് ഏഴു വർഷം തികയുന്നു. നാടൻ പാട്ടുകളുടെ അവതരണം, ആലാപനം എന്നിവയിൽ സ്വന്തമായ ഒരു ശൈലി രൂപപ്പെടുത്തി കഴിവു തെളിയിച്ച മണി കോമഡി വേഷങ്ങളിലൂടെയാണ് സിനിമയിൽ തുടക്കമിട്ടത്. അക്ഷരം എന്ന ചലച്ചിത്രത്തിലെ ഒരു ഓട്ടോ ഡ്രൈവറുടെ വേഷത്തിൽ ചലച്ചിത്ര ലോകത്തെത്തിയെങ്കിലും സുന്ദർദാസ്, ലോഹിതദാസ് കൂട്ടുകെട്ടിൻ്റെ സല്ലാപം എന്ന ചലച്ചിത്രത്തിലെ ചെത്തുകാരൻ രാജപ്പൻ്റെ വേഷം മണിയെ മലയാളചലച്ചിത്ര രംഗത്ത് ശ്രദ്ധേയനാക്കി. തുടക്കത്തിൽ സഹനടനായി ശ്രദ്ധ നേടിയ ശേഷം പിന്നീടു നായക വേഷങ്ങളിലേക്ക് ചേക്കേറുകയായിരുന്നു.
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ എന്നീ ചിത്രങ്ങളിലെ പ്രകടനം പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി. ചിരിപ്പിച്ചും കരയിപ്പിച്ചും ഭയപ്പെടുത്തിയും വേറിട്ട ഭാവങ്ങളിലൂടെ സഞ്ചരിച്ച മണിയിലെ നടൻ മലയാളവും കടന്ന് അന്യ ഭാഷകൾക്കും പ്രിയപ്പെട്ടവനായി. തെലുഗ്, കന്നട, തമിഴ്, മലയാളം ഭാഷകളിലായി ഇരുനൂറോളം സിനിമകളിൽ ഹാസ്യതാരമായും സഹനടനായും നായകനായും വില്ലനായും അദ്ദേഹം ജീവിച്ചഭിനയിച്ചു. ദേശീയ ചലച്ചിത്ര പുരസ്‌കാരം, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, ഫിലിംഫെയർ അവാർഡ്, ഏഷ്യാനെറ്റ് ഫിലിം അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ മണിയെ തേടിയെത്തി. 2016 മാർച്ച് ആറിന് അപ്രതീക്ഷിതമായി മലയാളത്തിൻ്റെ ആ മണിമുഴക്കം നിലക്കുകയായിരുന്നു.