ഗിരീഷ് പുത്തഞ്ചേരി വിടപറഞ്ഞിട്ട് 13 വർഷം

  • IndiaGlitz, [Friday,February 10 2023]

മലയാളത്തിലെ ഏറ്റവും ജനപ്രിയനായ ചലച്ചിത്രഗാന രചയിതാവും കവിയും തിരക്കഥാകൃത്തുമായിരുന്ന ഗിരീഷ് പുത്തഞ്ചേരി ഓര്‍മ്മയായിട്ട് ഇന്നേക്ക് 13 വര്‍ഷം തികയുന്നു. ഇന്ത്യൻ പെർഫോമൻസ് റൈറ്റ്‌സ് സൊസൈറ്റിയുടെ മലയാള വിഭാഗം ഡയറക്ടറായും കേരള കലാമണ്ഡലം, കേരള ലളിതകലാ അക്കാദമി എന്നിവയുടെ ഭരണസമിതിയംഗമായും അദ്ദേഹം പ്രവർത്തിച്ചു. ചുരുങ്ങിയ കാലയളവിൽ ഏറ്റവുമധികം ഗാനങ്ങൾ മലയാള സിനിമയിൽ രചിച്ച ബഹുമുഖ പ്രതിഭയെന്ന പേരിലും അദ്ദേഹം അറിയപ്പെട്ടു. പുത്തഞ്ചേരി ജോണ്‍സണ്‍ മാസ്റ്റര്‍ കൂട്ടുകെട്ടില്‍ പിറന്ന പാട്ടുകളൊക്കെയും മലയാളി ഗൃഹാതുരത്വത്തോടെ മനസ്സിൽ സൂക്ഷിച്ചു വച്ചു.

ആകാശവാണിയില്‍ ലളിതഗാനങ്ങള്‍ രചിച്ചാണ് ഗിരീഷ് പുത്തഞ്ചേരി പാട്ടെഴുത്തിന് തുടക്കമിടുന്നത്. രണ്ട് പതിറ്റാണ്ടിനിടെ മലയാളികള്‍ ഹൃദയത്തിലേറ്റിയ 1500ലേറെ പാട്ടുകള്‍ അദ്ദേഹം എഴുതികൂട്ടി. നാല് ചിത്രങ്ങള്‍ക്ക് തിരക്കഥയും നാല് ചിത്രങ്ങളുടെ കഥയെഴുതുകയും ചെയ്ത ഗിരീഷ് പുത്തഞ്ചേരിയുടെ നൂറിലധികം കവിതകള്‍ രണ്ട് പുസ്തകങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. രാമന്‍ പോലീസ് എന്ന സിനിമയുടെ തിരക്കഥാ രചനക്കിടെയാണ് അദ്ദേഹം വിടപറഞ്ഞത്. 2010 ഫെബ്രുവരി 10ന് മസ്തിഷ്ക രക്തസ്രാവത്തെത്തുടർന്ന് കോഴിക്കോട്ടെ മിംസ് ആശുപത്രിയിൽ വച്ച് അദ്ദേഹം മരണമടയുകയായിരുന്നു.