ഐ എസ് എൽ; ഇന്ന് കൊച്ചിയിൽ തുടക്കം

ഐ എസ് എൽ പത്താം സീസണിലെ ആദ്യ മത്സരം ഇന്ന് കൊച്ചിയിൽ നടക്കും. തുടക്ക മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ബംഗളൂരു എഫ് സിയെ നേരിടും. രാത്രി എട്ട് മണിക്കാണ് മത്സരം തുടങ്ങുക. ടീമുകള്‍ അവസാന ഘട്ട പരിശീലനം പൂര്‍ത്തിയാക്കി. കഴിഞ്ഞ സീസണിലെ ടീമിൽ നിന്ന് ചെറിയ മാറ്റങ്ങളോടെയാണ് ഇത്തവണ ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. നിലവിൽ രാജ്യത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ സഹൽ അബ്ദുൽ സമദിൻ്റെ അഭാവവും ടീമിലുണ്ട്.

ആറ് മലയാളി താരങ്ങളാണ് ഈ സീസണില്‍ ബ്ലാസ്റ്റേഴ്സ് നിരയിലുള്ളത്. രാഹുൽ കെ പി, സച്ചിൻ സുരേഷ്, നിഹാൽ സുധീഷ്, മുഹമ്മദ് അസ്ഹർ, മുഹമ്മദ് ഐമെൻ, വിബിൻ മോഹനൻ എന്നിവരാണ് മലയാളി താരങ്ങൾ. അഡ്രിയാൻ ലൂണ, ഡിമിട്രിയോസ് ഡയമന്റകോസ്, മാർക്കോ ലെസ്‌കോവിച്ച്, മിലോസ് ഡ്രിങ്‌സിച്, ക്വാമെ പെപ്ര, ഡെയ്‌സുകെ സകായ് എന്നീ ആറ് വിദേശ താരങ്ങളും ക്ലബിനൊപ്പമുണ്ട്. ഐ എസ് എൽ നടക്കുന്നതിനെ തുടർന്ന് കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാത്രി 11.30 വരെ മെട്രോ സർവീസുകൾ നടത്തും.