ഐപിഎൽ: തുടർച്ചയായ രണ്ടാം ജയം കുറിച്ച് ഡൽഹി ക്യാപിറ്റൽസ്

ഐപിഎൽ മത്സരത്തിലെ വാശിയേറിയ പോരാട്ടത്തിൽ ഡൽഹി ഏഴ് റൺസിന് ഹൈദരാബാദിനെ തകർത്തു. ആദ്യ അഞ്ചു മല്‍സരങ്ങളിലും തോറ്റ ഡൽഹിയുടെ ശക്തമായ തിരിച്ചു വരവിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ഡൽഹി ഉയർത്തിയ 145 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹൈദരാബാദിന് നിശ്ചിത ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഓപണർ മായങ്ക് അഗർവാളും ഹെയ്ന്റിച്ച് ക്ലാസെനും മാത്രമാണ് സൺറൈസേഴ്‌സ് നിരയിൽ തിളങ്ങിയത്. ക്യാപ്റ്റൻ ഐഡൻ മർക്രം അഞ്ച് പന്തിൽ കേവലം മൂന്ന് റൺസ് മാത്രം നേടി പുറത്തായി. ആന്‍ഡ്രിച്ച് നോര്‍ക്കിയയും അക്ഷര്‍ പട്ടേലും ഡൽഹിക്കായി രണ്ടു വിക്കറ്റുകള്‍ വീതമെടുത്തപ്പോൾ ഇഷാന്ത് ശർമ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റും കരസ്ഥമാക്കി.

39 പന്തിൽ ഏഴു ഫോറുകൾ സഹിതം 49 റൺസെടുത്ത മയാങ്ക് അഗർവാളാണ് സൺറൈസേഴ്സിൻ്റെ ടോപ് സ്കോറർ. ഹെൻറിച് ക്ലാസ്സൻ (19 പന്തിൽ 31), വാഷിങ്ടൻ സുന്ദർ (15 പന്തിൽ പുറത്താകാതെ 24) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. 27 പന്തിൽ രണ്ടു ഫോറുകളോടെ 34 റൺസെടുത്ത മനീഷ് പാണ്ഡെ, 34 പന്തിൽ നാലു ഫോറുകൾ സഹിതം 34 റൺസെടുത്ത അക്ഷർ പട്ടേൽ എന്നിവരാണ് ഡൽഹിയുടെ ടോപ് സ്കോറർമാർ. അവസാന ഓവറില്‍ ഹൈദരാബാദിന് ജയിക്കാന്‍ 13 റൺസ് മതിയായിരുന്നു. എന്നാൽ, മുകേഷ് കുമാര്‍ എറിഞ്ഞ ഓവറില്‍ അഞ്ചു റണ്‍സ് മാത്രമാണ് അവർക്ക് നേടാനായത്.