ഐപിഎൽ 2023: അവസാന ഓവറിൽ ഗുജറാത്ത് ടൈറ്റൻസിന് മൂന്നാമത് ജയം

ഗുജറാത്ത് ടൈറ്റൻസും പഞ്ചാബ് കിങ്സും തമ്മിലുള്ള ആവേശ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസ് ആറ് വിക്കറ്റിനാണ് പഞ്ചാബ് കിങ്‌സിനെ തോല്പിച്ചത്. ലാസ്റ്റ് ഓവര്‍ ത്രില്ലറിലാണ് ഗുജറാത്ത് ജയം നേടിയത്. സീസണിലെ ഗുജറാത്തിന്റെ മൂന്നാം ജയവും പഞ്ചാബിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയും ആണിത്. പഞ്ചാബ് ഉയര്‍ത്തിയ 154 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ബാക്കിനില്‍ക്കെയാണ് ഗുജറാത്ത് മറികടന്നത്. അര്‍ധ സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്തിനായി തിളങ്ങിയത്. 49 പന്തുകള്‍ നേരിട്ട ഗില്‍ ഒരു സിക്‌സും ഏഴ് ഫോറുമടക്കം 67 റണ്‍സെടുത്തു. 19 പന്തില്‍ നിന്ന് 30 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹയും ഗുജറാത്തിനായി മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. വൃദ്ധിമാൻ സാഹ (19 പന്തിൽ 30), സായ് സുദർശൻ (20 പന്തിൽ 19), ഹർദിക് പാണ്ഡ്യ (11 പന്തിൽ 8), ഡേവിഡ് മില്ലർ (18 പന്തിൽ 17-നോട്ടൗട്ട്) രാഹുൽ തെവാട്ടിയ (2 പന്തിൽ 5-നോട്ടൗട്ട്) എന്നിങ്ങനെയാണ് ഗുജറാത്തിന്റെ സ്കോർ. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് എട്ടുവിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തിരുന്നു. അർഷീദ് സിങ്, റബാദ, ഹർപ്രീത് ബ്രാർ, സാം കറൻ എന്നിവരാണ് പഞ്ചാബിനായി വിക്കറ്റുകൾ വീഴ്ത്തിയത്. അവസാനം വരെ ഇരു ടീമുകളും മികച്ച പോരാട്ടം നടത്തിയെങ്കിലും വിജയം ഗുജറാത്ത് കരസ്ഥമാക്കുകയായിരുന്നു.