നിക്ഷേപ തട്ടിപ്പ്: സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ട് ഉസൈന്‍ ബോള്‍ട്ട്
- IndiaGlitz, [Friday,January 20 2023]
സ്പ്രിന്റ് ഇതിഹാസം ഉസൈൻ ബോൾട്ടിൻ്റെ ജീവിത സമ്പാദ്യമായ ശതകോടികൾ അടിച്ചുമാറ്റി കരീബിയൻ നിക്ഷേപ കമ്പനി. ജമൈക്കയിലെ കിങ്സ്റ്റണ്‍ സ്റ്റോക്‌സ് ആന്‍ഡ് സെക്യൂരിറ്റീസ് എന്ന സ്ഥാപനത്തില്‍ നിക്ഷേപിച്ച 100 കോടിയോളം രൂപയാണ് സൂപ്പര്‍ താരത്തിന് നഷ്ടമായത്. ഇനി 12,000 ഡോളര്‍ മാത്രമാണ് താരത്തിൻ്റെ അക്കൗണ്ടിലുള്ളതെന്നാണ് ലഭിക്കുന്ന വിവരം. തനിക്കും മാതാപിതാക്കൾക്കും പിൽക്കാല ജീവിതത്തിൽ തുണയാകാനായി നിക്ഷേപം നടത്തിക്കൊണ്ടിരുന്ന തുകയാണ് നഷ്ടമായത്. 2017ലാണ് ഉസൈൻ ബോൾട്ട് വിരമിക്കുന്നത്.
മൂന്നു ഒളിമ്പിക്സുകളിലായി എട്ട് സ്വർണം നേടിയ താരം എണ്ണമറ്റ ലോക മീറ്റുകളിലും സുവർണ്ണ താരമായിരുന്നു. കരിയറിനിടെ സ്ഥാപനത്തിലിട്ട തുകയാണ് ഏറെ വൈകി താരം പരിശോധിച്ചത്. ജീവനക്കാരിലൊരാൾ ആരോരുമറിയാതെ തുക അടിച്ചുമാറ്റുകയായിരുന്നുവെന്നാണ് കരുതുന്നത്. മറ്റു നിരവധി പേർക്കും സമാനമായി തുക നഷ്ടമായിട്ടുണ്ട് എന്നാണ് സൂചന. 2022 ഒക്ടോബർ വരെ എസ്.എസ്.എൽ എക്കൗണ്ടിൽ പണമുണ്ടായിരുന്നതായും പിന്നീടാണ് നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു. കമ്പനി പണം തിരികെ നൽകിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് ബോൾട്ടിൻ്റെ അഭിഭാഷകൻ വ്യക്തമാക്കി. നഷ്ടമായ പണം മുഴുവൻ തിരികെ ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ്.എസ്.എൽ കമ്പനി വലിയ വഞ്ചനയാണ് നടത്തിയതെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ധനമന്ത്രി നിഗെൽ ക്ലർക്കെ പറഞ്ഞു.