നെയ്മര്‍ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചേക്കുമെന്ന് സൂചന

ബ്രസീൽ സൂപ്പര്‍ താരം നെയ്മര്‍ ഈ ലോകകപ്പിനു ശേഷം വിരമിച്ചേക്കും എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അത് അടിവരയിടുന്ന വാക്കുകളാണ് ഇപ്പോള്‍ നെയ്മറിൻ്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. ക്രൊയേഷ്യക്ക് എതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ തോല്‍വി നെയ്മര്‍ അടക്കമുള്ള ബ്രസീല്‍ താരങ്ങളെ കണ്ണീരിലാഴ്ത്തിയിരുന്നു. അതീവ ദുഃഖിതനായി കണ്ണീര്‍വാര്‍ക്കുന്ന നെയ്മറിൻ്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. തുടർന്ന് നെയ്മർ മാധ്യമങ്ങളോട് പ്രതികരിച്ച സമയത്തെ വാക്കുകളിലാണ് വിരമിക്കൽ സൂചന നല്‍കിയത്.

ദേശീയ ടീമിലേക്കുള്ള ഒരു വാതിലും ഞാന്‍ അടയ്ക്കുന്നില്ല. എന്നാല്‍, 100 ശതമാനവും ഞാന്‍ ബ്രസീല്‍ ജഴ്‌സിയില്‍ തുടരും എന്നതില്‍ ഒരു ഉറപ്പും നല്‍കാന്‍ സാധിക്കില്ല, മുന്നോട്ടുള്ള നാളുകളില്‍ ബ്രസീല്‍ ടീമില്‍ എന്ത് സംഭവിക്കും എന്ന് എനിക്ക് പ്രവചിക്കാന്‍ സാധിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖത്തര്‍ ലോകകപ്പ് ക്വാര്‍ട്ടറിലെ അപ്രതീക്ഷിത തോല്‍വിക്കു പിന്നാലെ ബ്രസീല്‍ പരിശീലകൻ കോച്ച് ടിറ്റെയും വിരമിക്കൽ പ്രഖ്യാപിച്ചിട്ടുണ്ട്.