അപൂര്‍വ്വ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍
- IndiaGlitz, [Thursday,July 13 2023] Sports News
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൻ്റെ ആദ്യ ദിനം ഇന്ത്യന്‍ സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍ സ്വന്തമാക്കിയത് നിരവധി റെക്കോര്‍ഡുകളാണ്. രാജ്യാന്തര ക്രിക്കറ്റിൽ അച്ഛൻ്റെയും മകൻ്റെയും വിക്കറ്റ് സ്വന്തമാക്കുന്ന താരമെന്ന അപൂർവ്വ നേട്ടമാണ് അശ്വിൻ ആദ്യം സ്വന്തമാക്കിയത്. ടെസ്റ്റിൽ ഏറ്റവും കൂടുതൽ തവണ ബോൾഡാക്കി ഔട്ടാക്കുന്ന ഇന്ത്യൻ ബോളറായി അശ്വിൻ മാറി. 95 തവണയാണ് അശ്വിന് ബാറ്റർമാരുടെ കുറ്റി തെറിപ്പിച്ചത്. 94 തവണ ബോൾഡാക്കിയ അനിൽ കുംബ്ലെയുടെ റെക്കോർഡാണ് അശ്വിൻ മറികടന്നത്.
ഇന്ത്യ-വെസ്റ്റിൻഡീസ് ടെസ്റ്റ് പരമ്പരകളിൽ കൂടുതൽ തവണ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ഇന്ത്യൻ ബോളർ എന്ന റെക്കോർഡും അശ്വിൻ നേടി. ഹർഭജൻ സിങ്ങിൻ്റെ റെക്കോർഡിന് ഒപ്പമാണ് അശ്വിനെത്തിയത്. കരിയറില്‍ ഇതു 33ാം തവണയാണ് അശ്വിന്‍ അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 700 വിക്കറ്റുകളെന്ന നാഴികക്കല്ലും വിന്‍ഡീസിനെതിരായ ആദ്യ ദിനം അശ്വിന്‍ കൈക്കലാക്കിയിരുന്നു. നേരത്തേ ഇന്ത്യക്കു വേണ്ടി മുന്‍ സ്പിന്‍ ഇതിഹാസങ്ങളായ കുംബ്ലെയ്ക്കും ഹര്‍ഭജന്‍ സിങിനും മാത്രമേ ഈ നാഴികക്കല്ല് പൂര്‍ത്തിയാക്കാൻ കഴിഞ്ഞിട്ടുള്ളൂ. കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി ഇന്ത്യക്കു വേണ്ടി കളിച്ചു കൊണ്ടിരിക്കുന്ന ബൗളറാണ് അശ്വിന്‍. നിലവില്‍ ടെസ്റ്റില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബൗളറായ അദ്ദേഹം ഓള്‍റൗണ്ടര്‍മാരില്‍ ലോക രണ്ടാം നമ്പറുമാണ്.