ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ഫുട്‌ബോൾ ടീം പങ്കെടുക്കും

ഏഷ്യന്‍ ഗെയിംസില്‍ മത്സരിക്കാന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് കായിക മന്ത്രാലയം ഇളവ് അനുവദിച്ചു. ഏഷ്യയിലെ മികച്ച എട്ടു ടീമുകളിൽ ഒന്നാണെങ്കില്‍ മാത്രമേ വിവിധ ഇനങ്ങളിലുള്ള ടീമുകളെ ഏഷ്യന്‍ ഗെയിംസിന് അയക്കേണ്ടതുള്ളൂ എന്നാണ് കായിക മന്ത്രാലയം നേരത്തെ എടുത്ത തീരുമാനം. ദേശീയ ഫുട്ബാൾ ടീം പരിശീലകൻ ഇഗർ സ്റ്റിമാക് വിഷയത്തിൽ പ്രധാനമന്ത്രി മോദിക്കും കായിക മന്ത്രി അനുരാഗ് ഠാകുറിനും കത്തെഴുതുകയുണ്ടായി.

ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ പുരുഷ, വനിതാ ഫുട്‌ബോള്‍ ടീമുകള്‍ക്ക് ഇളവ് അനുവദിച്ചതായി കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ ട്വീറ്റ് ചെയ്തു. 2018ലെ ഏഷ്യന്‍ ഗെയിംസിലും മന്ത്രാലയത്തിൻ്റെ മാനദണ്ഡങ്ങൾ ചൂണ്ടിക്കാട്ടി ഫുട്ബാള്‍ ടീമിനെ അയച്ചിരുന്നില്ല. ക്രൊയേഷ്യന്‍ കോച്ച് ഇഗോര്‍ സ്റ്റിമച്ചിൻ്റെ കീഴില്‍ ഈയടുത്ത് സാഫ്, കോണ്ടിനന്റല്‍ കപ്പുകള്‍ ഇന്ത്യന്‍ ടീം നേടിയിരുന്നു. ഫിഫ റാങ്കിംഗില്‍ ആദ്യ നൂറിലും ഉള്‍പ്പെട്ടു. സെപ്തംബര്‍ 23 മുതല്‍ ചൈനയിലെ ഹാംഗ്‌ഴൂവിലാണ് ഏഷ്യന്‍ ഗെയിംസ് നടക്കുക.