ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് വാഹനാപകടത്തിൽ പരിക്ക്
- IndiaGlitz, [Friday,December 30 2022] Sports News
ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് വാഹനാപകടത്തിൽ പരിക്കേറ്റു. രാവിലെ ഡൽഹിയിൽ നിന്ന് ഉത്തരാഖണ്ഡിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. പന്ത് ഓടിച്ചിരുന്ന മെഴ്സിഡസ് ബെൻസ് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. കാർ പൂർണമായും കത്തി നശിച്ചു. റൂർക്കിക്കു അടുത്ത് ഹമ്മദ്പൂർ ജലിനു സമീപമാണ് അപകടം നടന്നത്. വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലെ ആശുപത്രിയിലേക്ക് മാറ്റി. അപകട നില തരണം ചെയ്തു. എന്നാൽ കാലിന് ഏറ്റ പരിക്ക് ഗുരുതരമാണ്.
അദ്ദേഹത്തെ പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കുമെന്നാണ് റിപ്പോർട്ട്. അപകട സമയം കാറിൽ പന്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാർ പറഞ്ഞു. തീപിടിച്ച കാറിൻ്റെ വിൻഡ് സ്ക്രീൻ തകര്‍ത്താണ് പന്തിനെ പുറത്തെടുത്തത്. ഈ മാസം ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഋഷഭ് പന്ത് ടീമിൽ അംഗമായിരുന്നു. 46, 93 എന്നിങ്ങനെ റൺസും നേടിയിരുന്നു. എന്നാൽ ശ്രീലങ്കയ്ക്കെതിരായി നടക്കുന്ന ടി20 പരമ്പരയിലേക്കുള്ള ടീമിൽ പന്തിനെ ഉൾപ്പെടുത്തിയിരുന്നില്ല.