ഏഷ്യൻ ഗെയിംസിൽ ചരിത്ര നേട്ടവുമായി ഇന്ത്യ

ഏഷ്യൻ ഗെയിംസിലെ മെഡല്‍ക്കൊയ്ത്തില്‍ പുതിയ ചരിത്രം സ്വന്തമാക്കി ഇന്ത്യ. 11ാം ദിനം രണ്ടു മെഡലുകള്‍ കൂടി ഇന്ത്യ സ്വന്തം അക്കൗണ്ടിലേക്കു കൂട്ടിച്ചേര്‍ത്തു. അമ്പെയ്ത്തില്‍ സ്വര്‍ണവും അത്‌ലറ്റിക്‌സില്‍ വെങ്കലവുമാണ് ഇന്ത്യ നേടിയെടുത്തത്. 16 സ്വര്‍ണവും 26 വെള്ളിയും 29 വെങ്കലവും ഉള്‍പ്പെടെ 71 മെഡലുകളാണ് ഇന്ത്യയുടെ സമ്പാദ്യം. നിലവില്‍ നാലാം സ്ഥാനത്ത് തുടരുകയാണ് ഇന്ത്യ.

ബുധനാഴ്ച അമ്പെയ്ത്ത് മിക്‌സഡ് കോമ്പൗണ്ട് ടീം ഇനത്തില്‍ ജ്യോതി സുരേഖ വെന്നം- ഓജസ് പ്രവീണ്‍ സഖ്യം സ്വര്‍ണം നേടിയതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 71 ആയി ഉയര്‍ന്നു. ഇതോടെ 2018-ൽ ജക്കാർത്തയിൽ സ്ഥാപിച്ച 70 മെഡലുകളെന്ന റെക്കോഡ് ഇന്ത്യ മറികടന്നു. ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം ആണിത്. ജക്കാർത്തയിൽ 16 സ്വർണവും 23 വെള്ളിയും 31 വെങ്കലവും ഉൾപ്പെടെയായിരുന്നു ഇന്ത്യയുടെ മെഡൽ നേട്ടം 70-ൽ എത്തിയത്. അതേസമയം മെഡൽ പ്രതീക്ഷയുള്ള ഇനങ്ങൾ ബാക്കിനിൽക്കേ 100 മെഡലുകളെന്ന നേട്ടം ലക്ഷ്യമിടുകയാണ് ഇന്ത്യ. പുരുഷ സിംഗിൾസ് ബാഡ്മിന്റനിൽ മലയാളി താരം എച്ച് എസ് പ്രണോയും വനിതാ സിംഗിൾസിൽ പി വി സിന്ധുവും ക്വാർട്ടറിൽ എത്തി.