ഏഷ്യ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. പരുക്കിൽ നിന്നു മുക്തരായ കെ.എൽ.രാഹുലിനെയും ശ്രേയസ് അയ്യരെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അയർലൻഡിന് എതിരായ ട്വന്‍റി20 പരമ്പര കളിച്ച ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയും പ്രസിദ്ധും ഏകദിന ടീമിൽ തിരിച്ചെത്തി. കേരള താരം സഞ്ജു സാംസണെ പതിനേഴംഗ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. റിസർവ് കളിക്കാരനായാണ് ടീമിൽ ലിസ്റ്റിൽ ഇടം നൽകിയിരിക്കുന്നത്. വിക്കറ്റ് കീപ്പർമാരായ രാഹുലും ഇഷാൻ കിഷനും ടീമിലുള്ള സാഹചര്യത്തിലാണ് സഞ്ജു അവഗണിക്കപ്പെട്ടത്.

ഏകദിന ക്രിക്കറ്റിൽ നിരന്തരം പരാജയപ്പെട്ടിട്ടും സൂര്യകുമാർ യാദവ് സ്ഥാനം നിലനിർത്തിയിട്ടുണ്ട്. ബുംറയും പ്രസിദ്ധും തിരിച്ചു വന്നതോടെ അർഷ്‌ദീപ് സിങ്, മുകേഷ് കുമാർ തുടങ്ങിയവർക്ക് അവസരം നഷ്ടപ്പെട്ടു. മുഹമ്മദ് സിറാജും ശാർദൂൽ താക്കൂറുമാണ് ടീമിലെ മറ്റു പേസ് ബൗളർമാർ. ഓൾറൗണ്ടറായി ഹാർദിക് പാണ്ഡ്യയുമുണ്ട്. കോച്ച് രാഹുൽ ദ്രാവിഡിന്‍റെയും ക്യാപ്റ്റൻ രോഹിത് ശർമയുടെയും കൂടി സാന്നിധ്യത്തിൽ ആയിരുന്നു സെലക്ഷൻ കമ്മിറ്റി യോഗം. അജിത് അഗാർക്കറാണ് കമ്മിറ്റി ചെയർമാൻ. ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ.എൽ.രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഇഷാൻ കിഷൻ, ശാർദൂൽ താക്കൂർ, അക്ഷർ പട്ടേൽ, സൂര്യകുമാർ യാദവ്, തിലക് വർമ, പ്രസിദ്ധ് കൃഷ്ണ തുടങ്ങിയവരാണ്.