ഇസ്രായേൽ പലസ്തീൻ യുദ്ധ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ച് ഇന്ത്യ
- IndiaGlitz, [Monday,October 09 2023]
ഇസ്രായേൽ പലസ്തീൻ യുദ്ധ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് സ്ഥിതി നിരീക്ഷിക്കുകയാണ് എന്നാണ് വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കിയത്. ഒഴിപ്പിക്കൽ നടപടി വേണ്ടി വന്നാൽ തയാറെടുക്കാനുള്ള നിർദ്ദേശം വ്യോമ നാവിക സേനകൾക്ക് നൽകിയിട്ടുണ്ട്. ഇസ്രയേൽ ഹമാസ് സംഘർഷം രൂക്ഷം ആകുന്നെങ്കിലും ഒഴിപ്പിക്കൽ നടപടികളിലേക്ക് കടക്കാറായിട്ടില്ലെന്ന് ഇന്ത്യ വിലയിരുത്തി.
മുൻകരുതലെന്ന നിലയ്ക്കാണ് വ്യോമസേനയ്ക്കും നാവിക സേനയ്ക്കും ജാഗ്രത നിർദേശം നൽകിയത്. സ്ഥിതി ഗുരുതരമായി തുടരുകയാണെങ്കിൽ ഒഴിപ്പിക്കൽ നടപടികളിലേക്ക് കടന്നേക്കും. ഇസ്രയേലിലെ ഇന്ത്യാക്കാർക്ക് ഇന്നലെ തന്നെ ജാഗ്രതാ നിർദേശം നൽകിയിരുന്നു. പലസ്തീനിലെ ഇന്ത്യാക്കാർക്കും അത്യാവശ്യ ഘട്ടങ്ങളിൽ ബന്ധപ്പെടാൻ ഹെല്പ് ലൈൻ നമ്പറുകളടക്കം പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യാക്കാർക്ക് ആവശ്യങ്ങൾക്ക് എംബസികളെ സമീപിക്കാമെന്നും, ഏത് സാഹചര്യത്തെയും നേരിടാന് സജ്ജമാണെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരന് പറഞ്ഞു. ശനിയാഴ്ച രാവിലെ ഹമാസ് അയൽ രാജ്യത്തിന് നേരെ അപ്രതീക്ഷിത ആക്രമണം നടത്തിയപ്പോൾ തെക്കൻ, മദ്ധ്യ ഇസ്രായേലിലേക്ക് റോക്കറ്റാക്രമണം നടത്തുക ആയിരുന്നു.