ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ ഭരണ പ്രതിപക്ഷ പോര് മുറുകുന്നു

  • IndiaGlitz, [Monday,January 23 2023]

അടിയന്തര ഘട്ടങ്ങളിൽ ഇടപെടാനുള്ള ഐടി നിയമത്തിലെ അധികാരമുപയോഗിച്ചാണ് ഇന്നലെ ഡോക്യുമെന്ററി ഉൾപ്പെടുന്ന യൂട്യൂബ് ലിങ്കുകളും ട്വീറ്റുകളും നീക്കം ചെയ്യാൻ വാർത്താ വിതരണ മന്ത്രാലയം സെക്രട്ടറി നിർദേശിച്ചത്. ഇതുവരെ നൂറോളം ട്വീറ്റുകൾ നീക്കം ചെയ്തെന്നാണ് സൂചന. പ്രതിപക്ഷ വിമര്‍ശനത്തെ നിയമ മന്ത്രി കിരണ്‍ റിജിജു ചോദ്യം ചെയ്തു. വിമര്‍ശനങ്ങളെ ബിജെപിയും പ്രതിരോധിച്ചു. ഐടി നിയമത്തിലെ അടിയന്തിര ഇടപെടലിനുള്ള അധികാരം ഉപയോഗിച്ച് കേന്ദ്രനിർദേശ പ്രകാരം ഡോക്യുമെന്‍ററിയുടെ ലിങ്കുകള്‍ നീക്കം ചെയ്യുന്നത് തുടരുകയാണ്. ജി20 അധ്യക്ഷ സ്ഥാനത്തിരിക്കെ പുറത്തിറങ്ങിയ ഡോക്യുമെന്‍ററി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിക്കാൻ ഉന്നമിട്ടുള്ളതാണെന്നാണ് കേന്ദ്രസർക്കാർ കരുതുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്ര സർക്കാർ ഡോക്യുമെന്ററിക്കെതിരെ പരസ്യമായി രംഗത്തു വന്നിരുന്നു. നരേന്ദ്ര മോദിയേയും ഇന്ത്യൻ സർക്കാരിനെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ഡോക്യുമെന്ററിക്ക് പിന്നിൽ എന്നായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രതികരണം.

ഗുജറാത്ത് വംശഹത്യ സമയത്ത് മുഖ്യമന്ത്രിയായിരുന്ന മോദിക്ക് വംശഹത്യയിൽ പങ്കുണ്ടെന്നായിരുന്നു ഡോക്യമെന്ററിയിലെ ഉള്ളടക്കം. ഡോക്യുമെന്ററിയുടെ ഒന്നാം ഭാഗമാണ് ഇപ്പോള്‍ പുറത്ത് ഇറങ്ങിയിരിക്കുന്നുത്. രണ്ടാം ഭാഗം ചൊവ്വാഴ്ച പുറത്തിറങ്ങാൻ ഇരിക്കെയാണ് കേന്ദ്ര സർക്കാരിന്‍റെ തടയൽ നടപടി. കേന്ദ്ര സർക്കാരിന്‍റെ നടപടിക്കെതിരെ പ്രതിഷേധങ്ങളും ശക്തമാണ്. ഈ കഴിഞ്ഞ 17 നായിരുന്നു ഡോക്യുമെന്ററിയുടെ ആദ്യ ഭാഗം സംപ്രേക്ഷണം ചെയ്തത്. രണ്ടാം ഭാഗം 24 നു റിലീസ് ചെയ്യും. ഗുജറാത്ത്‌ കലാപത്തിനു പുറമെ 2019 തിരഞ്ഞെടുപ്പു കാലത്ത് മോദി സ്വീകരിച്ച നിലപാടുകളും നയങ്ങളും സംബന്ധിച്ച വിലയിരുത്തലുകളുമെല്ലാം രണ്ടാം ഭാഗത്തുണ്ടാകുമെന്നാണ് ബി.ബി.സി നൽകുന്ന സൂചന.