ഐജി ലക്ഷ്മൺ അറസ്റ്റിൽ; അറസ്റ്റിന് ശേഷം ജാമ്യത്തിൽ വിട്ടയച്ചു
- IndiaGlitz, [Thursday,August 24 2023]
മോന്സൻ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ ഐജി ലക്ഷ്മൺ അറസ്റ്റിൽ. മുൻകൂർ ജാമ്യമുള്ളതിനാൽ 50,000 രൂപയുടെ ബോണ്ടിൽ വിട്ടയച്ചു. കേസിൽ മൂന്നാം പ്രതിയാണ് ഐജി ലക്ഷ്മൺ. ഏഴ് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. ഹൈക്കോടതിയാണ് നേരത്തെ ലക്ഷ്മണിന് ഇടക്കാല ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ജാമ്യത്തില്‍ വിടണമെന്ന് ക്രൈം ബ്രാഞ്ചിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു.
ഇന്നലെ രാവിലെ ഐജി ജി ലക്ഷ്മൺ ചോദ്യം ചെയ്യലിനായി കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫീസിൽ 11.30 ഓടെ ഹാജരായിരുന്നു. പുരാവസ്തു തട്ടിപ്പു കേസിൽ ഐജി ജി.ലക്ഷ്മൺ മുഖ്യ ആസൂത്രകനെന്നു ക്രൈം ബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. നിരവധി തവണ ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക കേസിൽ ഐജി ലക്ഷ്മണിൻ്റെ പങ്ക് വ്യക്തമാണെന്ന് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു. വ്യാജ പുരാവസ്തുക്കൾക്ക് ആധികാരികത വരുത്തിയതും കോടികൾ വിലമതിക്കുന്നവയാണെന്ന ധാരണ പരത്തി സാമ്പത്തിക തട്ടിപ്പിനു വഴിയൊരുക്കിയതും ലക്ഷ്മണാണെന്നാണ് അന്വേഷണ സംഘത്തിൻ്റെ നിഗമനം.