2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ പാകിസ്ഥാനെ എട്ട് വിക്കറ്റിന് തോൽപ്പിച്ച് അഫ്ഗാനിസ്ഥാന് അട്ടിമറി ജയം. പാകിസ്ഥാൻ ഉയർത്തിയ 283 റൺസ് വിജയ ലക്ഷ്യം എട്ട് വിക്കറ്റ് ശേഷിക്കെ അഫ്ഗാനിസ്ഥാൻ മറികടന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. ഓപ്പണര്‍ അബ്ദുള്ള ഷഫീഖിൻ്റെയും നായകന്‍ ബാബര്‍ അസമിൻ്റെയും അര്‍ധ സെഞ്ച്വറികളാണ് പാകിസ്ഥാന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.
റഹ്മാനുള്ള ഗുർബാസ് (65), ഇബ്രാഹിം സദ്രാൻ (87), റഹ്മത്ത് ഷാ (75), ഹഷ്മത്തുള്ള ഷാഹിദി (45) എന്നിവരുടെ ഇന്നിങ്‌സാണ് പാക്കിസ്ഥാൻ്റെ വിജയ പ്രതീക്ഷ തകർത്തത്. പാക്കിസ്ഥാൻ്റെ മോശം ഫീൽഡിംഗും അഫ്ഗാൻ സ്‌കോറിങ്ങിന് തുണയായി. ബൗണ്ടറികൾക്ക് പുറമെ സിംഗിൾസും ഡബിൾസും അടിക്കുന്നതിലും അഫ്ഗാൻ ബാറ്റ്സ്മാൻമാർ തിളങ്ങി. ഈ ലോകകപ്പിലെ അഫ്ഗാനിസ്ഥാൻ്റെ രണ്ടാം വിജയമാണിത്. പാകിസ്താൻ്റെ തുടര്‍ച്ചയായ മൂന്നാം പരാജയവും. ഏകദിന ചരിത്രത്തില്‍ ആദ്യമായാണ് അഫ്ഗാനിസ്ഥാന്‍ പാകിസ്ഥാനെ തോല്‍പ്പിക്കുന്നത്.