ഹര്‍മൻപ്രീത് കൗറിനെതിരെ ഐസിസി നടപടിയെടുക്കും

ബംഗ്ലദേശിനെതിരായ ഏകദിന പരമ്പരയിലെ മോശം പെരുമാറ്റത്തിൻ്റെ പേരിൽ ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ ഹര്‍മൻപ്രീത് കൗറിനെതിരെ ഐസിസി കൂടുതൽ നടപടികൾക്കൊരുങ്ങി. മാച്ച് ഫീയുടെ 75 ശതമാനം ഹർമൻപ്രീത് കൗറിന് പിഴ ചുമത്തിയിട്ടുണ്ട്. എന്നാലും പിഴ കൂടാതെ താരം മത്സര വിലക്കും നേരിടേണ്ടി വരും. രണ്ട് മത്സരങ്ങളിൽ നിന്ന് ഹർമൻ പ്രീതിനെ സസ്പെൻഡ് ചെയ്യാനും ഐസിസി തീരുമാനമുണ്ട്. ഹർമൻ പ്രീതിനു മേൽ ഐസിസി നാലു ഡീമെറിറ്റ് പോയിന്റുകൾ ചുമത്തിയിട്ടുമുണ്ട്.

ബംഗ്ലാദേശ് വനിതാ ടീമിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിനിടെ ഫീൽഡിലും സമ്മാനദാന ചടങ്ങിനിടയിലും മോശമായി പെരുമാറിയ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന് വിലക്ക് വരാൻ സാധ്യത. മത്സരത്തിൽ പുറത്തായതിനു പിന്നാലെ ബാറ്റു കൊണ്ടു വിക്കറ്റ് തല്ലിയൊടിച്ച ഹർമൻപ്രീത് അമ്പയറുടെ തീരുമാനത്തിനെതിരേ രൂക്ഷമായി പ്രതികരിച്ച ശേഷമാണ് ക്രീസ് വിട്ടത്. മത്സര ശേഷം സമ്മാനദാന ചടങ്ങിനിടെ അമ്പയറിങ് പരിതാപകരമായിരുന്നു എന്നും താരം തുറന്നടിച്ചു. അതുകൊണ്ടും കലിപ്പ് തീരാതെ ബംഗ്ലാദേശ് താരങ്ങൾക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ നിങ്ങൾക്ക് ട്രോഫി നേടിത്തരാൻ സഹായിച്ച അമ്പയർമാരെ കൂടി വിളിക്കൂ എന്ന ഹർമൻ്റെ പ്രതികരണവും വിവാദത്തിന് വഴിവെച്ചു.