ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാക്കുറ്റം ചുമത്തി ഹൈക്കോടതി വിധി
- IndiaGlitz, [Thursday,April 13 2023]
മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്ന കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥർ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി വിലയിരുത്തി. ശ്രീറാം വെങ്കിട്ടരാമനെതിരെ ഗുരുതര ആരോപണങ്ങളാണ് ഹൈക്കോടതി ഉന്നയിച്ചത്. കേസില്‍ ശ്രീറാം തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായി കോടതി ചൂണ്ടിക്കാട്ടി. മദ്യപിച്ച ശേഷമായിരുന്നു ശ്രീറാം വാഹനം ഓടിച്ചത്. പ്രഥമ ദൃഷ്ട്യാ വാഹനം അമിത വേഗത്തിലായിരുന്നുവെന്നും കോടതി വിലയിരുത്തി. രണ്ടാം പ്രതിയായിരുന്ന വഫ ഫിറോസിനെ കേസില്‍ നിന്ന് ഒഴിവാക്കി. റിവിഷൻ ഹർജി അംഗീകരിച്ച് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെതാണ് ഉത്തരവ്.
2019ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ ഇടിച്ചാണ് മാധ്യമ പ്രവര്‍ത്തകന്‍ ബഷീര്‍ കൊല്ലപ്പെട്ടത്. സംഭവം നടക്കുമ്പോള്‍ ശ്രീറാമിന്റെ സുഹൃത്തായിരുന്ന വഫയും ഒപ്പമുണ്ടായിരുന്നു. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീറാണ് മരിച്ചത്. റോഡരികിൽ നിർത്തിയിട്ട ബഷീറിന്റെ ബൈക്കിന് പിറകിൽ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാർ അമിത വേഗതയിൽ വന്ന് ഇടിക്കുകയായിരുന്നു. കേസിൽ നരഹത്യക്കുറ്റം ഒഴിവാക്കിയ വിചാരണ കോടതി നടപടി ഹൈകോടതി റദ്ദാക്കി. നേരത്തെ വിധി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ പരിഗണിച്ചാണ് കോടതി ഉത്തരവ്.