കെ സുധാകരനെ 21 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവ്
- IndiaGlitz, [Friday,June 16 2023]
മോന്‍സണ്‍ മാവുങ്കലിൻ്റെ പുരാവസ്തു തട്ടിപ്പു കേസില്‍ രണ്ടാം പ്രതിയാക്കപ്പെട്ട കെപിസിസി പ്രസിഡന്റ് കെ സുധാകരനെ 21 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. സുധാകരൻ നല്‍കിയ മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ ആണ് കോടതി താല്‍കാലികമായി അറസ്റ്റ് തടഞ്ഞത്. 21 ന് ഹര്‍ജി വീണ്ടും പരിഗണിക്കും വരെയാണ് ജസ്റ്റിസ് സിയാദ് റഹ്‌മാൻ്റെ ബെഞ്ച് അറസ്റ്റ് തടഞ്ഞത്. സുധാകരനെതിരെ വഞ്ചനാക്കുറ്റം ചുമത്തി എറണാകുളം എ സി ജെ എം കോടതിയില്‍ ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കുകയും ജൂണ്‍ 14ന് കളമശ്ശേരി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ചിൻ്റെ നോട്ടീസ് ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഹര്‍ജി നല്‍കിയത്.
പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതിയായ കെപിസിസി അധ്യക്ഷനും എംപിയുമായ കെ.സുധാകരന്‍ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. രാഷ്ടീയ ലക്ഷ്യങ്ങളോടെയാണ് തന്നെ കേസില്‍ പ്രതിചേര്‍ത്തതെന്നാണ് ഹർജിയിലെ ആരോപണം. പണം നഷ്ടപ്പെട്ടവരുടെ ആദ്യ പരാതിയിൽ തന്നെപ്പറ്റി ആരോപണം ഉണ്ടായിരുന്നില്ലെന്നും താൻ ആരെയും വഞ്ചിച്ചിട്ടില്ലെന്നും സമൂഹ മധ്യത്തില്‍ തന്‍റെ പ്രതിഛായ തകര്‍ക്കാൻ ലക്ഷ്യമിട്ടാണ് കേസില്‍ പ്രതി ചേര്‍ത്തതെന്നും ഹർജിയിൽ പറയുന്നു. കേസിൽ ഈ മാസം 23ന് ഹാജരാകാന്‍ സുധാകരന് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. കേസിലെ ഒന്നാം പ്രതിയായ മോൻസൺ 25 ലക്ഷം കൈപ്പറ്റുമ്പോൾ സുധാകരൻ്റെ സഹായം തനിക്കുണ്ടെന്ന ഉറപ്പു കൂടി നൽകിയതിനെ തുടർന്നാണ് പണം നൽകിയതെന്ന പരാതിക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തത്.