കെഎസ്ആര്‍ടിസി മാനേജ്മെന്റിനു താക്കീതു നൽകി ഹൈക്കോടതി

  • IndiaGlitz, [Friday,February 10 2023]

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതിനെതിരെ ഹൈകോടതി പ്രതികരിച്ചു. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ബുധനാഴ്ചയ്ക്കകം ശമ്പളം നൽകിയില്ലെങ്കിൽ സ്ഥാപനം അടച്ചു പൂട്ടാൻ ഹൈകോടതി നിർദേശിച്ചു. അഞ്ചാം തീയതിക്ക് മുന്‍പ് ശമ്പളം നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. എന്നാൽ പത്താം തീയതിയായിട്ടും കെഎസ്ആര്‍ടിസിയില്‍ ഇതുവരെ ശമ്പളം നല്‍കിയില്ല. സ്ഥാപനം പൂട്ടിയാല്‍ 26 ലക്ഷം യാത്രക്കാരെയാണ് ബാധിക്കുന്നതെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി. എന്നാൽ യാത്രക്കാര്‍ അതിനു മറ്റു വഴി തേടിക്കൊള്ളുമെന്നായിരുന്നു കോടതി മറുപടി നല്‍കിയത്. ശമ്പളം നൽകാൻ സർക്കാരിൽ നിന്ന് 50 കോടി പ്രതീക്ഷിച്ചിരുന്നെന്നും 30 കോടി മാത്രമാണ് ബജറ്റ് മാസത്തില്‍ ധനവകുപ്പ് അനുവദിച്ചത്, ഇനി 20 കോടി കൂടി വേണമെന്നും ആവശ്യപ്പെട്ട് സർക്കാരിന് മാനേജ്മെന്റ് കത്ത് നൽകി. അതേസമയം കെ എസ്ആർടിസിക്കുള്ള സർക്കാറിൻ്റെ ധന സഹായം ഇനിയും തുടരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി. കെഎസ്ആർടിസിയെ സഹായിക്കില്ലെന്ന് സര്‍ക്കാര്‍ ഇതുവരെ ഹൈക്കോടതിയെ അറിയിച്ചിട്ടില്ലെന്നും ഗതാഗത മന്ത്രി പറഞ്ഞു.