ധനുഷിൻ്റെയും ഐശ്വര്യയുടെയും കേസ് ഹൈക്കോടതി തള്ളി
- IndiaGlitz, [Tuesday,July 11 2023]
നടൻ ധനുഷിനും ഐശ്വര്യ രജനികാന്തിനുമെതിരെ നിലനിന്നിരുന്ന കേസ് മദ്രാസ് ഹൈക്കോടതി തള്ളി. 'വേലയില്ലാ പട്ടധാരി' എന്ന ചിത്രത്തിലെ പുകവലി ദൃശ്യത്തിൻ്റെ പേരിലാണ് നടൻ ധനുഷിനും ചിത്രത്തിൻ്റെ നിർമാതാവായ ഐശ്വര്യാ രജനീകാന്തിനും എതിരെയുള്ള കേസ്. 2014-ൽ പുറത്തിറങ്ങിയ ചിത്രത്തിൽ സിഗരറ്റ്, പുകവലി ഉത്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങളുണ്ടെന്ന് ആരോപിച്ച് തമിഴ്നാട് പീപ്പിൾസ് ഫോറം ഫോർ ടുബാക്കോ കൺട്രോൾ എന്ന സംഘടനയാണ് ചെന്നൈയിലെ മെട്രോപ്പൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകിയത്.
കേസിനെതിരേ ഹൈക്കോടതിയെ സമീപിച്ച ധനുഷ് ഹർജിയിലെ ആരോപണങ്ങൾ നിഷേധിച്ചു. സെൻസർ ബോർഡ് പരിശോധിച്ച് പ്രദർശനാനുമതി നൽകിയ ചിത്രമാണ്. നിയമ പ്രകാരമുള്ള മുന്നറിയിപ്പോടെയാണ് പുകവലി ദൃശ്യങ്ങൾ കാണിച്ചത്. പുകയില ഉത്പന്നങ്ങളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലല്ല ദൃശ്യങ്ങൾ ചിത്രീകരിച്ചിരിക്കുന്നതെന്നും ധനുഷിൻ്റെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. 2003ലെ പുകവലി നിരോധന നിയമപ്രകാരം പുകവലി വസ്തുക്കളുടെ പരസ്യത്തിനാണ് ഇങ്ങനെ എഴുതിക്കാണിക്കേണ്ടതുള്ളൂ. ഇത് പുകയില വസ്തുവല്ല, ഇതൊരു സിനിമയാണ്. സിനിമയുടെ പരസ്യത്തില്‍ ഇങ്ങനെ എഴുതിക്കാണിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു വാദം. ധനുഷിൻ്റെ വാദങ്ങൾ അംഗീകരിച്ച കോടതി കേസ് തള്ളുകയായിരുന്നു. ഛായാഗ്രാഹകനായ വേൽരാജ് ആദ്യമായി രചന നിർവഹിച്ച് സംവിധാനം ചെയ്ത് 2014 ൽ പുറത്തിറങ്ങിയ ഒരു തമിഴ് ചലച്ചിത്രമാണ് വേലയില്ലാ പട്ടധാരി.