മുഖ്യമന്ത്രിയുടെ നിർദേശമനുസരിച്ച് ആരോഗ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദർശിച്ചു
- IndiaGlitz, [Tuesday,February 07 2023]
തിരുവനന്തപുരം നിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സന്ദർശിച്ചു. ഉമ്മന്‍ചാണ്ടിയ്ക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് തുടര്‍ചികിത്സ നടത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രാവിലെയായിരുന്നു സന്ദർശനം. മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചതെന്ന് വീണാ ജോർജ് പറഞ്ഞു. തിങ്കളാഴ്ച മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകനുമായി ഫോണിൽ സംസാരിച്ചിരുന്നു. അതിൻ്റെ അടിസ്ഥാനത്തിലാണ് സന്ദർശനത്തിന് മുഖ്യമന്ത്രി നിർദേശം നൽകിയത്.
ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യസ്ഥിതി നിലവില്‍ തൃപ്തികരമെന്ന് ഡോക്ടര്‍ അറിയിച്ചു. ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസത്തേക്കാള്‍ ഭേദമുണ്ടെന്നും ഡോ. മഞ്ജു തമ്പി അറിയിച്ചു. പനി കടുത്തതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയിലേക്ക് മാറ്റിയത്. തുടര്‍ന്ന് ന്യുമോണിയ സ്ഥിരീകരിച്ച അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് അടക്കം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചികിത്സ നിഷേധിക്കുന്നു എന്ന് കാണിച്ചു ഉമ്മൻ ചാണ്ടിയുടെ സഹോദരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത് വിവാദമായിരുന്നു.