ഗുജറാത്ത് ടൈറ്റന്‍സ് നായകന് ഹര്‍ദിക് പാണ്ഡ്യയ്ക്ക് കുറഞ്ഞ ഓവര്‍ നിരക്കിന് 12 ലക്ഷം രൂപ പിഴ ചുമത്തി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്സിനെതിരായ പോരാട്ടത്തില്‍ ടീം നിശ്ചിത സമയത്തിനുള്ള ഓവര്‍ എറിഞ്ഞു തീര്‍ത്തില്ല. ഐപിഎല്ലിന്റെ ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കുറഞ്ഞ ഓവര്‍ നിരക്കിന് ഈ സീസണില്‍ ശിക്ഷിക്കപ്പെടുന്ന മൂന്നാമത്തെ നായകനാണ് ഹര്‍ദിക്. നേരത്തെ ആര്‍സിബി നായകന് ഫാഫ് ഡുപ്ലെസി, രാജസ്ഥാന് റോയല്‍സ് നായകന് സഞ്ജു സാംസണ് എന്നിവര്‍ക്കും പിഴ ശിക്ഷ കിട്ടിയിരുന്നു.
പഞ്ചാബിനെതിരായ പോരാട്ടത്തില്‍ ആറ് വിക്കറ്റിനാണ് ഗുജറാത്ത് ജയിച്ചത്. മുംബൈ ഇന്ത്യന്‍സ് വിട്ട് ഗുജറാത്തിന്റെ നായക സ്ഥാനത്തേക്ക് എത്തിയ ഹര്‍ദിക് പാണ്ഡ്യ ഒറ്റ സീസണ് കൊണ്ട് തന്നെ നായകനെന്ന നിലയില്‍ ശ്രദ്ധ പിടിച്ചു പറ്റി. ഇന്ത്യയുടെ ടി20 നായകനെന്ന നിലയിലും ഹര്‍ദിക് പാണ്ഡ്യ ശ്രദ്ധേയനാണ്. എന്നാല്‍ ഹര്‍ദികിന്റെ ബാറ്റിങ് പ്രകടനത്തിലേക്ക് വരുമ്പോള്‍ തീര്‍ത്തും നിരാശപ്പെടേണ്ടി വരും എന്നതാണ് കാണാൻ സാധിക്കുന്നത്. ഈ സീസണിലെ അദ്ദേഹത്തിൻ്റെ ബാറ്റിങ് പ്രകടനത്തിലേക്ക് വരുമ്പോള്‍ മൂന്ന് മത്സരത്തില്‍ നേടിയത് 21 റണ്‍സ് മാത്രം. ഒരു വിക്കറ്റ് പോലും താരത്തിന് നേടാനായിട്ടില്ല. ഗുജറാത്ത് നിരയില്‍ ഏറ്റവും മോശം ഫോമില്‍ കളിക്കുന്നത് ഹര്‍ദിക് പാണ്ഡ്യയാണ്.