അതിഥി ആപ് അടുത്ത മാസം തന്നെ ഏര്‍പ്പെടുത്തും: വി.ശിവന്‍കുട്ടി
- IndiaGlitz, [Monday,July 31 2023]
അതിഥി തൊഴിലാളികള്‍ക്കായി സംസ്ഥാനത്ത് പുതിയ നിയമം കൊണ്ടുവരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. മെച്ചപ്പെട്ട തൊഴിലും ജീവിത സാഹചര്യവും തേടി കേരളത്തിലേക്ക് എത്തുന്ന അതിഥികളെന്ന നിലയില്‍ നല്കുന്ന പരിഗണന ദൗര്‍ബല്യമായി കാണരുതെന്നും മന്ത്രി മുന്നറിയിപ്പ് നല്കി. ഇത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുന്നതിനായി തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചതായും അതിഥി ആപ് അടുത്തമാസം തന്നെ ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
തൊഴിലാളികളെ കൊണ്ടു വരുന്ന ഏജന്റുമാര്‍ക്ക് ലൈസന്‍സും തൊഴിലാളികള്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ലേബർ വകുപ്പിൻ്റെ സർട്ടിഫിക്കറ്റും നിർബന്ധമാക്കും. ക്യാമ്പുകൾ സന്ദർശിച്ച് ഓരോ തൊഴിലാളിയുടെയും വിവരങ്ങൾ ശേഖരിക്കും. വ്യവസ്ഥകൾ നിർബന്ധമാക്കുമ്പോൾ തൊഴിലാളികളുടെ വരവ് കുറയ്കാൻ കഴിയുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ലേബര്‍ ക്യാമ്പുകളില്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ഉടന്‍ സന്ദര്‍ശനം നടത്തും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആലുവയിൽ ഉണ്ടായത് ഏറ്റവും വേദനയുണ്ടായ സംഭവമാണ്. ആ കുട്ടിയുടെ കുടുംബം കേരളത്തിൽ സന്തോഷത്തോയെയാണ് കഴിഞ്ഞത്. നമ്മുടെ തൊഴിലാളികൾക്ക് നൽകുന്നതിനെക്കാൾ പരിരക്ഷ അതിഥികൾക്ക് നൽകുന്നുണ്ട്. അതവർ ദുരുപയോഗം ചെയ്യാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു.