നീതി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കിയ പുരസ്‌കാരങ്ങള്‍ തിരിച്ച് നല്‍കും: ഗുസ്തി താരങ്ങൾ
- IndiaGlitz, [Friday,May 05 2023]
പത്മശ്രീയടക്കമുള്ള പുരസ്‌കാരങ്ങളും മത്സരങ്ങളിൽ നിന്ന് നേടിയ മെഡലുകളും കേന്ദ്ര സർക്കാരിന് മടക്കി നൽകാൻ തയ്യാറെന്ന് പ്രഖ്യാപിച്ച് സമരം ചെയ്യുന്ന ഗുസ്‌തി താരങ്ങൾ. പത്മശ്രീ അവാർഡ് ജേതാക്കളാണെന്നു പോലും പൊലീസ് പരിഗണിച്ചില്ലെന്നും അപമാനം തുടരുമ്പോൾ മെഡലുകൾ കൊണ്ട് എന്ത് പ്രയോജനമെന്നും ബജ്‌റംഗ് പൂനിയ ചോദിച്ചു. അന്താരാഷ്‌ട്ര മെഡലുകളടക്കം എല്ലാം തിരിച്ചെടുത്തു കൊള്ളൂവെന്ന് സാക്ഷി മലിക്കും പറഞ്ഞു. പ്രധാനമന്ത്രി സമരത്തിൽ ഇടപെടണമെന്ന് വിനേഷ് ഫോഗട്ട് കൂപ്പു കൈകളോടെ അഭ്യർഥിച്ചു.
ലൈംഗികാതിക്രമക്കേസ് പ്രതിയായ ബിജെപി എംപിയും ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ്‌ഭൂഷണെ ഡൽഹി പൊലീസ് രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും താരങ്ങൾ പറഞ്ഞു. ബുധനാഴ്‌ച രാത്രി താരങ്ങളെ ആക്രമിച്ചു പരിക്കേൽപ്പിച്ച ഡൽഹി പൊലീസിന്റെ നടപടിയിലുള്ള കടുത്ത രോഷം വാർത്താ സമ്മേളനത്തിൽ താരങ്ങൾ അറിയിച്ചു. സുപ്രീം കോടതിയുടെ തീരുമാനം തിരിച്ചടിയല്ലെന്നും സമരം തുടരുമെന്നും ജന്തർ മന്തറിൽ പ്രതിഷേധം നടത്തുന്ന ഗുസ്തി താരങ്ങൾ പറഞ്ഞു. പരാതി നൽകി 6 ദിവസത്തേക്കു പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നില്ല. സുപ്രീം കോടതിയുടെ ഇടപെടലിനു പിന്നാലെയാണു നടപടിയുണ്ടായത് എന്നും വിനേഷ് ഫോഗട്ട് പറഞ്ഞു.