സര്‍ക്കാര്‍ പണം ധൂര്‍ത്തടിക്കുകയാണ്: ആരിഫ് മുഹമ്മദ് ഖാന്‍

  • IndiaGlitz, [Monday,November 06 2023]

മുഖ്യമന്ത്രി രാജ്ഭവനില്‍ വന്ന് വിശദീകരിക്കാതെ ബില്ലുകളിലെ നിലപാടില്‍ മാറ്റമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രിമാരല്ല മുഖ്യമന്ത്രിയാണ് വരേണ്ടത്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ ആണെന്ന് സര്‍ക്കാര്‍ തന്നെ പറയുന്നു. പക്ഷേ ധൂര്‍ത്തിന് കുറവില്ലെന്നും ഗവര്‍ണർ രൂക്ഷ വിമര്‍ശനമുന്നയിച്ചു. സാമ്പത്തിക സ്ഥിതി മോശമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. അപ്പോഴും വ്യക്തിപരമായ ഉപയോഗത്തിന് നീന്തല്‍ക്കുളം പണിയുകയാണ്.

പാവപ്പെട്ടവര്‍ക്ക് പെന്‍ഷന്‍ പോലും നൽകാനില്ലാത്തപ്പോള്‍ ഖജനാവിന് അധികച്ചെലവ് വരുത്തുന്നതാണ് യൂണിവേഴ്‌സിറ്റി ബില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ഭരണഘടനാപരമായ സംശയങ്ങളുണ്ടെങ്കില്‍ ആര്‍ക്കും സുപ്രീം കോടതിയെ സമീപിക്കാമെന്ന് ഗവര്‍ണര്‍ പറഞ്ഞു. അധികച്ചെലവ് വരുന്ന കാര്യങ്ങള്‍ അവതരിപ്പിക്കണമെങ്കില്‍ തന്റെ അനുമതി വേണം. കേരളീയം പരിപാടിയെ വിമര്‍ശിച്ചു കൊണ്ടും ഗവര്‍ണര്‍ സംസാരിച്ചു. മണി ബില്‍ അവതരിപ്പിക്കുന്നതിനു മുമ്പ് ഗവര്‍ണറുടെ അനുമതി വാങ്ങിയില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍. അതില്ലാതെ പാസാക്കിയത് ഭരണഘടനാപരമായ കാര്യമാണോ എന്നും മുഖ്യമന്ത്രി നേരിട്ട് വന്നു വിശദീകരിക്കുന്നതു വരെ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.