'ലിയോ': കേരള വിതരണാവകാശം സ്വന്തമാക്കി ഗോകുലം ഗോപാലൻ
- IndiaGlitz, [Thursday,July 06 2023]
ദളപതി വിജയ്-ലോകേഷ് കനകരാജ് ചിത്രം 'ലിയോ'യുടെ കേരള വിതരണാവകാശം ഗോകുലം ഗോപാലൻ സ്വന്തമാക്കി. ചിത്രം 2023 പൂജ അവധികളോടനുബന്ധിച്ച് ഒക്ടോബർ 19ന് റിലീസിനെത്തും. തുടക്കം മുതൽ തന്നെ കേരളത്തിലെ വിതരണാവകാശത്തിന് വൻ ഡിമാന്റാണ് ഉണ്ടായിരുന്നത്. 5 പ്രധാന വിതരണക്കാരാണ് കേരളത്തിലെ വിതരണ അവകാശത്തിനായി മത്സരിച്ചിരുന്നത്. ഏറ്റവും ഒടുവിലെ വിവരപ്രകാരം കൂടുതൽ തുകയുമായി വിതരണാവകാശം ഗോകുലം ഗോപാലൻ ആണ് സ്വന്തമാക്കിയത്. അന്യ ഭാഷയിലെ പ്രമുഖ ചിത്രങ്ങൾ കേരളത്തിൽ എത്തിക്കുന്ന പ്രധാന വിതരണക്കാരാണ് ശ്രീ ഗോകുലം മൂവീസ്. കേരളത്തിൽ വിതരണാവകാശം ഏറ്റെടുക്കുമ്പോൾ പോലും ചിത്രത്തിന് കേരളത്തി ൽ വമ്പൻ പ്രൊമോഷനാണ് നൽകുന്നത്. ഇത് താരങ്ങൾക്കും സാങ്കേതിക പ്രവർത്തകർക്കും സന്തോഷം നൽകുന്ന കാര്യം കൂടിയാണ്.
സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിൻ്റെ ബാനറിൽ എസ്.ലളിത് കുമാർ നിർമിക്കുന്ന 'ലിയോ' ലോകേഷ് കനകരാജാണ് സംവിധാനം ചെയ്യുന്നത്. കമൽ ഹാസനെ നായകനാക്കി 'വിക്രം' എന്ന സിനിമയുടെ വമ്പൻ വിജയത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് ലിയോ ഒരുങ്ങുന്നത്. എല്ലാ ഭാഷകളിൽ നിന്നുള്ള നടി നടന്മാർ ചിത്രത്തിൽ പ്രവർത്തിക്കുന്നുണ്ട്. മലയാളത്തിൽ നിന്ന് മാത്യു, ബാബു ആന്റണി എന്നിർ അഭിനയിക്കുന്നു. ചിത്രത്തിൽ പ്രധാന വേഷത്തിൽ സഞ്ജയ് ദത്ത് എത്തുന്നു. ആക്ഷൻ കിംഗ് അർജുനും ചിത്രത്തിൽ അഭിനയിക്കുന്നു. തൃഷയാണ് വിജയുടെ നായികയായി എത്തുന്നത്. ലൈക്ക പ്രൊഡക്ഷൻസിൻ്റെ കഴിഞ്ഞ ആറു ചിത്രങ്ങളും കേരളത്തിലെത്തിച്ചത് ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസാണ്, അതുകൊണ്ട് തന്നെ ലൈക്കയുടെ അണിയറയിൽ ഒരുങ്ങുന്ന, ഷങ്കർ- കമൽ ഹസൻ ചിത്രം ഇൻഡ്യൻ-2, രജനികാന്ത് ചിത്രം ലാൽ സലാം, അജിത് ചിത്രം എന്നിവയും ശ്രീ ഗോകുലം മൂവീസ് തന്നെ കേരളത്തിൽ എത്തിക്കാനാണ് സാദ്ധ്യത.