ഗോളടി തുടർന്ന് ലയണൽ മെസ്സി; ഇന്റര്‍ മയാമി ലീഗ്‌സ് കപ്പ് ഫൈനലില്‍

തുടർച്ചയായി ആറാം മത്സരത്തിലും ഗോളടി തുടർന്ന് ഇതിഹാസതാരം ലയണൽ മെസ്സി. ശക്തരായ ഫിലാഡൽഫിയയെ അവരുടെ ഹോം ഗ്രൗണ്ടിൽ ഒന്നിനെതിരെ നാല് ഗോളിന് തകർത്താണ് മയാമി ഫൈനലിൽ കടന്നത്. ലീഗ്സ് കപ്പിൽ ആദ്യമായാണ് മയാമി ഫൈനലിൽ എത്തുന്നത്. മത്സരത്തിൽ തുടർച്ചയായി മികച്ച പ്രകടനം പുറത്തെടുത്ത മെസ്സി 20-ാം മിനിറ്റിൽ ടീമിനായി ഗോളടിക്കുകയും ചെയ്തു. ഇന്റര്‍ മയാമിയ്ക്കായി അരങ്ങേറിയതിനു ശേഷം ആറു മത്സരങ്ങളില്‍ നിന്നായി മെസ്സി നേടുന്ന ഒന്‍പതാം ഗോളാണിത്.

ജോസഫ് മാർട്ടിനെസ്, ജോർഡി ആൽബ, ഡേവിഡ് റൂയിസ് എന്നിവരും ഇന്റർ മയാമിയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടു. ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ ജോര്‍ഡി ആല്‍ബ ഇന്റര്‍ മയാമിയുടെ ലീഡ് മൂന്നാക്കി ഉയര്‍ത്തി. 73-ാം മിനിറ്റില്‍ ബെഡോയ ഒരു ഗോള്‍ ഫിലാഡല്‍ഫിയയ്ക്ക് വേണ്ടി തിരിച്ചടിച്ചെങ്കിലും 84-ാം മിനിറ്റില്‍ റൂയിസിലൂടെ ഇന്റര്‍മയാമി നാലാം ഗോളടിച്ചു. ഇതോടെ അനായാസ വിജയത്തോടെ ഇന്റര്‍ മയാമി ഫൈനലിലേക്ക് മുന്നേറി. അലെക്സാൻഡ്രോ ബെഡോയ ഫിലാഡൽഫിയ ടീമിന് വേണ്ടി ആശ്വാസ ഗോൾ നേടി. അമേരിക്കൻ മേജർ സോക്കർ ലീഗിൽ ഈസ്റ്റേൺ കോൺഫ്രൻസിൽ മൂന്നാം സ്ഥാനക്കാരായ ഫിലാഡൽഫിയെയാണ് 15ാം സ്ഥാനത്തുള്ള ഇന്റർമയാമി ലീഗ്സ് കപ്പിൻ്റെ സെമിയിൽ തകർത്ത് കളഞ്ഞത്. ഈ ജയത്തോടെ ഇന്റർ മയമി അടുത്ത വർഷത്തെ കോൺകാഫ് കപ്പിനും യോഗ്യത നേടി.