പ്രിയയുടെ നിയമനവുമായി മുന്നോട്ട് പോകാം: ഹൈക്കോടതി സ്റ്റാൻഡിംഗ് കൗൺസിൽ

  • IndiaGlitz, [Wednesday,June 28 2023]

പ്രിയ വർഗീസിന്‍റെ നിയമനവുമായി മുന്നോട്ട് പോകാമെന്ന് കണ്ണൂർ സർവ്വകലാശാലയ്ക്ക് നിയമോപദേശം നൽകി സ്റ്റാൻഡിംഗ് കൗൺസിൽ. ഹൈക്കോടതി സ്റ്റാൻഡിംഗ് കൗൺസിൽ ഐ വി പ്രമോദ് ആണ് നിയമോപദേശം നൽകിയത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിൻ്റെ ഉത്തരവോടെ, ഗവര്‍ണറുടെ സ്‌റ്റേ ഇല്ലാതായതായും നിയമോപദേശത്തില്‍ പറയുന്നു. കോടതി ഉത്തരവ് രേഖാമൂലം ഗവര്‍ണറെ അറിയിക്കണം. അതിന് ശേഷം നിയമന നടപടികളുമായി സര്‍വകലാശാലയ്ക്ക് മുന്നോട്ടു പോകാമെന്നാണ് സ്റ്റാന്‍ഡിങ് കൗണ്‍സല്‍ അറിയിച്ചത്.

സ്വജന പക്ഷപാതം ആരോപിച്ച് 2022 ഓഗസ്റ്റ് 17നാണ് മലയാളം പഠന വകുപ്പില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയി പ്രിയാ വര്‍ഗീസിൻ്റെ നിയമനം ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മരവിപ്പിച്ചത്. കണ്ണൂര്‍ വിസി, ഇന്റര്‍വ്യൂ ബോര്‍ഡിലെയും സിന്‍ഡിക്കറ്റിലെയും അംഗങ്ങള്‍ എന്നിവര്‍ക്കു കാരണം കാണിക്കല്‍ നോട്ടിസ് അയയ്ക്കാനും ഗവര്‍ണര്‍ ഉത്തരവിട്ടിരുന്നു. ഉത്തരവ് ഇതുവരെ ഗവര്‍ണര്‍ റദ്ദാക്കിയിട്ടില്ല. നേരത്തെ, കണ്ണൂര്‍ സര്‍വ്വകലാശാലയിലെ പ്രിയ വര്‍ഗീസിൻ്റെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം ഹൈക്കോടതി അസാധുവാക്കിയിരുന്നു. പ്രിയ വര്‍ഗീസിന് അസോസിയേറ്റ് പ്രൊഫസാറായി നിയമിതയാവാനുള്ള യോഗ്യതയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. എന്‍എസ്എസിലെ പ്രവര്‍ത്തനം അധ്യാപന പരിചയമല്ല. ഗവേഷണകാലം അധ്യാപന പരിചയമായി കണക്കാക്കാനാവില്ല എന്നും കോടതി വ്യക്തമാക്കിയിരുന്നു.