ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെ 90 മിനിറ്റും ആസ്വദിക്കാൻ കഴിയാതിരുന്നത് എന്തൊരു നാണക്കേടാണ് എന്നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പങ്കാളി ജോര്‍ജിന ഇന്‍സ്റ്റയില്‍ കുറിച്ചത്. രാജ്യത്തിന്‍റെയാകെ അഭിമാനമായി മാറിയ എക്കാലത്തെയും അവരുടെ സൂപ്പര്‍ ഹീറോയെ മത്സരത്തിൽ പകരക്കാരനായി ഇറക്കിയതിലുണ്ടായ നീരസത്തിലാണ് ജോര്‍ജിന സോഷ്യൽ മീഡിയയിൽ ഇങ്ങനെ കുറിച്ചത്.
എന്നാൽ റോണോയ്ക്ക് പകരമെത്തിയ ഗോണ്‍സാലോ റാമോസ് ആകട്ടെ ഹാട്രിക്ക് നേടി പരിശീലകന്‍റെ തീരുമാനം ശരിവയ്ക്കുകയും ചെയ്തു. റൊണാൾഡോയെ പകരക്കാരനായി ഇറക്കിയ മത്സരത്തില്‍ ഒന്നിനെതിരെ ആറ് ഗോളുകളുടെ മിന്നുന്ന വിജയമാണ് പോര്‍ച്ചുഗല്‍ സ്വന്തമാക്കിയത്. 2008ന് ശേഷം ഒരു സുപ്രധാന ടൂര്‍ണമെന്‍റില്‍ റൊണാള്‍ഡോ ഇല്ലാതെ പോര്‍ച്ചുഗല്‍ ഒരു മത്സരം തുടങ്ങുന്നത് പോലും ആദ്യമായിട്ടായിരുന്നു. 73-ാം മിനിറ്റിലാണ് പകരക്കാരനായി റോണോ കളത്തിലെത്തിയത്. എന്നാല്‍ കാര്യമായി ഒന്നും താരത്തിന് ചെയ്യാൻ സാധിച്ചില്ല എന്നതും ആരാധകരെ നിരാശയിലെത്തിച്ചു.
പോർച്ചുഗൽ ദേശീയ ടീമില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സ്ഥാനം സംബന്ധിച്ച് ആശയക്കുഴപ്പം തുടരുകയാണ്. ക്വാർട്ടറിൽൽ മൊറോക്കോയെ നേരിടാൻ ഇറങ്ങുന്ന ടീമിലും ആദ്യ പതിനൊന്നിൽ റൊണാള്‍ഡോ ഉണ്ടായേക്കില്ലെന്നാണ് കോച്ച് ഫെർണാണ്ടോസ് സാന്റോസ് നൽകുന്ന സൂചന. ദക്ഷിണ കൊറിയ പോർച്ചുഗൽ മത്സരത്തിന്‍റെ അറുപതാം മിനിട്ടിൽ നിന്നാണ് എല്ലാത്തിന്‍റെയും തുടക്കം. ക്രിസ്റ്റ്യാനോ റൊണാൾഡോയെ കോച്ച് സാന്റോസ് മൈതാനത്ത് നിന്ന് തിരികെ വിളിച്ചു. അതൃപ്തിയോടെ തിരികെ പോയ താരം കോച്ച് സാന്റോസിനോട് തിരികെ വിളിച്ചതിൽ നീരസം പ്രകടിപ്പിച്ചെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ക്രിസ്റ്റ്യാനോയുടെ പെരുമാറ്റം ശരിയായില്ലെന്ന തരത്തിൽ സാന്റോസ് നടത്തിയ പ്രതികരണവും ഇതിനിടെ പുറത്തു വന്നു. ഇതിന് പിന്നാലെയാണ് സ്വിറ്റ്സർലാൻഡിനെതിരായ മത്സരത്തിൽ റോണോയ്ക്ക് ആദ്യ പതിനൊന്നിൽ ഇടം കിട്ടാതിരുന്നത്.